പെരിങ്ങളം കൊലപാതകം 
ദൗർഭാഗ്യകരം: സിപിഐ എം

പെരിങ്ങളം കൊലപാതകം 
ദൗർഭാഗ്യകരം: സിപിഐ എം

കണ്ണൂർ
പെരിങ്ങളം പുല്ലൂക്കര മുക്കിൽപീടികയിൽ മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരമാണെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ഇതൊരു ആസൂത്രിത കൊലപാതകമല്ല. പുല്ലൂക്കര 150–-ാം ബൂത്തിൽ ലീഗുകാർ സിപിഐ എം പ്രവർത്തകർക്കുനേരെ നടത്തിയ അക്രമത്തെതുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇത് നടക്കാൻ പാടില്ലായിരുന്നുവെന്നും ജയരാജൻ പറഞ്ഞു. ഓപ്പൺവോട്ട് ചെയ്യാനെത്തിയ പ്രായമായ സ്ത്രീയെ തിരികെ കൊണ്ടുവിടുന്നതിനിടെ സിപിഐ എം പ്രവർത്തകൻ സി ദാമോദരനെ ലീഗുകാർ മർദിച്ചു. ഇത് തടയാനെത്തിയ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗം ഒതയോത്ത് സ്വരൂപിനെയും ആക്രമിച്ചു.

ഇരുവർക്കും സാരമായി പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ ഡിവൈഎഫ്ഐ പെരിങ്ങളം മേഖലാ കമ്മിറ്റി അംഗമായ ഷനോസിനെ ലീഗുകാർ തട്ടിക്കൊണ്ടുപോയി അവരുടെ കേന്ദ്രത്തിലെത്തിച്ച് മർദിച്ചു. ഷനോസിനെ ആശുപത്രിയിലെത്തിക്കാൻ വന്ന സിപിഐ എം പ്രവർത്തകരും ലീഗുകാരുമായുണ്ടായ സംഘർഷത്തിനിടയിലാണ് ദൗർഭാഗ്യകരമായ കൊലപാതകം നടന്നത്. ഇത് ഒരിക്കലുംസംഭവിക്കാൻ പാടില്ലായിരുന്നു. പുല്ലൂക്കര മുക്കിൽപീടിക ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള സ്ഥലമാണ്. ഇവിടെ എൽഡിഎഫിന് വോട്ടുചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രവർത്തകരെ ആക്രമിച്ചതിന് രണ്ട് ലീഗുകാർക്കെതിരെ കേസെടുത്തിരുന്നു. സിപിഐ എം ഇവിടെ അക്രമം നടത്തിയെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. കൊലപാതകത്തെ ന്യായീകരിക്കുന്നില്ല. നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണത്തിലൂടെ പൊലീസ് കുറ്റവാളികളെ കണ്ടെത്തണം. കണ്ണൂരിൽ സംഘർഷം കുറയ്ക്കാൻ രാഷ്ട്രീയനേതൃത്വം ഫലപ്രദമായി ഇടപെടുന്നുണ്ട്. സംഘർഷം കുറഞ്ഞിട്ടുമുണ്ട്. എല്ലാ പാർടികളും ഇക്കാര്യത്തിൽ സഹകരിക്കുന്നുണ്ട്. സമാധാനമുണ്ടാക്കാൻ കൂട്ടായ പരിശ്രമമുണ്ടാകും. ഇതിന് സിപിഐ എം മുൻകൈയെടുക്കും.

മാതൃഭൂമി ന്യൂസ് ചാനൽസംഘത്തെ ആക്രമിക്കുകയും വാഹനവും ക്യാമറയും അടിച്ചുതകർക്കുകയും ചെയ്ത ലീഗ് നടപടിയെ അപലപിച്ച എം വി ജയരാജൻ അക്രമികൾക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടു.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by