സ്പാനിഷ് ലീഗിൽ ബാഴ്സലോണ മുന്നോട്ട് ; രക്ഷകനായി ഡെംബെലെ‌

സ്പാനിഷ് ലീഗിൽ ബാഴ്സലോണ മുന്നോട്ട് ; രക്ഷകനായി ഡെംബെലെ‌

നൗകാമ്പ്
ബാഴ്സലോണയുടെ കിരീടമോഹങ്ങൾക്ക് ഉസ്മാൻ ഡെംബെലെ ജീവൻ നൽകി. തൊണ്ണൂറാം മിനിറ്റിൽ ഈ ഇരുപത്തിമൂന്നുകാരൻ നേടിയ ഗോളിൽ ബാഴ്സ റയൽ വല്ലഡോയിഡിനെ വീഴ്ത്തി (1–-0). ജയത്തോടെ സ്പാനിഷ് ലീഗ് ഫുട്ബോളിൽ ഒന്നാമതുള്ള അത്ലറ്റികോ മാഡ്രിഡുമായുള്ള ബാഴ്സയുടെ അന്തരം ഒരു പോയിന്റായി. ഒമ്പതുകളിയാണ് ഇനി ബാക്കി. അത്ലറ്റികോയ്ക്ക് 29ൽ 66, ബാഴ്സയ്ക്ക് 65. മൂന്നാമത് റയൽ മാഡ്രിഡാണ് (63).

ശനിയാഴ്ച എൽ ക്ലാസിക്കോയിൽ ബാഴ്സയും റയലും ഏറ്റുമുട്ടും. റയലിന്റെ തട്ടകത്തിൽ നടക്കുന്ന കളി ഇരുടീമുകളുടെയും കിരീടസാധ്യത നിർണയിക്കുന്നതിൽ പ്രധാനമാകും. വല്ലഡോയിഡ് പ്രതിരോധത്തിൽ ശ്വാസംമുട്ടുന്ന ബാഴ്സയെയായിരുന്നു കളിയിലെ ഭൂരിഭാഗം സമയവും കാണാനായത്. എന്നാൽ, 79–-ാം മിനിറ്റിൽ ഡെംബെലെയെ വീഴ്ത്തിയതിന് ഓസ്കാർ പ്ലാനോ ചുവപ്പുകാർഡ് കണ്ട് മടങ്ങിയത് ബാഴ്സ മുതലാക്കി. റൊണാൾഡ് അരൗഹുവോയാണ് ഡെംബെലെയുടെ ഗോളിന് വഴിയൊരുക്കിയത്.

ലീഗിൽ തുടർച്ചയായ ആറാം ജയമാണ് റൊണാൾഡ് കൂമാനും കൂട്ടരും കുറിച്ചത്. റയലിനുപുറമേ അടുത്തമാസം അത്ലറ്റികോയുമായും ബാഴ്സയ്ക്ക് കളിയുണ്ട്.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by