മുപ്പത്‌ സെക്കൻഡ്‌ റാസ്‌പുടിൻ ഡാൻസിലെ ജാനകിക്കും നവീനുമെതിരെ വർഗീയ പ്രചരണം

മുപ്പത്‌ സെക്കൻഡ്‌ റാസ്‌പുടിൻ ഡാൻസിലെ ജാനകിക്കും നവീനുമെതിരെ വർഗീയ പ്രചരണം

കൊച്ചി > സമൂഹമാധ്യമങ്ങളിൽ തരംഗമായ മുപ്പത് സെക്കൻഡ് നൃത്തത്തിലെ ജാനകിക്കും നവീനുമെതിരെ വർഗീയ പ്രചരണം. ചില സംഘ്പരിവാർ അനുഭാവികളും, തീവ്ര ഹിന്ദുത്വവാദികളുമാണ് ലവ് ജിഹാദ് പോലുള്ള ആരോപണങ്ങളുമായി മെഡിക്കൽ കോളേജ് വിദ്യാർഥികളായ ഇരുവർക്കുമെതിരെ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന തരത്തിൽ പ്രചരണം നടത്തുന്നത്.

കൃഷ്ണരാജ് എന്ന അഭിഭാഷകൻ ഇവരെ കുറിച്ച് ഫെയ്സ്ബുക്കിൽ എഴുതിയ വിദ്വേഷ കുറിപ്പാണ് വിവാദമായിരിക്കുന്നത്. "ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം' – എന്നാണ് ഇയാളുടെ കുറിപ്പ്.

ജാനകിക്കൊപ്പം ഡാന്സ് ചെയ്ത നവീന്റെ പേരിനൊപ്പമുള്ള റസാഖ് ചൂണ്ടിക്കാട്ടി, മതം പറഞ്ഞാണ് തീവ്ര ഹിന്ദു സംഘടന പ്രവർത്തകർ സാമൂഹമാധ്യമങ്ങൾ വഴി വിദ്വേഷപ്രചരണങ്ങള് നടത്തിക്കൊണ്ടിരിക്കുന്നത്. സൈബർ ആക്രമണത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. നൃത്തം കണ്ട് ആസ്വദിക്കുന്നതിന് പകരം അവരുടെ മതം ഉയർത്തിപ്പിടിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന വക്കീല് കേരള സമൂഹത്തിന് തന്നെ അപമാനവും അപകടകാരിയും ആണെന്ന്, കൃഷ്ണരാജിന് ആളുകൾ മറുപടി നല്കുന്നുണ്ട്.

"രണ്ടു മെഡിക്കൽ വിദ്യാർഥികൾ ഒരുമിച്ച് മനോഹരമായ ഒരു ഡാൻസ് കളിച്ചു. സാധാരണ ആരും അത് ആസ്വദിക്കും. അതിനുപകരം ഇമ്മാതിരി വൃത്തികേട് ചിന്തിക്കുന്ന തന്നെയൊക്കെ എന്ത് പറയാനാണ്." എന്നാണ് ഡോ. ജിനേഷ് പി എസ് കൃഷ്ണരാജിന്റെ പോസ്റ്റിന് മറുപടി പറഞ്ഞിരിക്കുന്നത്.

തിരുവനന്തപുരം സ്വദേശിയാണ് ജാനകി. രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ. ഓം കുമാറിന്റെയും ചൈൽഡ് ഡവലപ്മെന്റ് സെന്ററിലെ ഡോക്ടർ മായാദേവിയുടെയും മകളാണ്. മാനന്തവാടി സ്വദേശി റസാഖിന്റെയും ദിൽഷാദിന്റെയും മകനാണ് നവീൻ റസാഖ്. സഹോദരന് റോഷന് ഹൈദരാബാദില് സിവില് എഞ്ചിനീയറാണ്.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by