കമോൺ, പായ്‌ക്കപ്പ്; യാത്രകൾ അവസാനിച്ചിട്ടില്ല; കിടിലൻ യാത്രകളുടെ പാക്കേജ് ഒരുങ്ങുന്നു

കമോൺ, പായ്‌ക്കപ്പ്; യാത്രകൾ അവസാനിച്ചിട്ടില്ല; കിടിലൻ യാത്രകളുടെ പാക്കേജ് ഒരുങ്ങുന്നു

ആലപ്പുഴ
യാത്രകൾ അസ്തമിച്ചുപോയ ദീർഘകാലം സഞ്ചാരപ്രിയരെ വല്ലാതെ ശ്വാസംമുട്ടിക്കുന്നുണ്ട്. പുതുകാഴ്ചകളും പ്രകൃതിയും കാടും പൈതൃകവും രുചിയും അറിഞ്ഞുള്ള സഞ്ചാരങ്ങൾക്ക് വിലങ്ങുവീണതിന്റെ നിരാശയിലാണ് പലരും. ഇനിയെന്നാണ് ഒരു യാത്രയെന്ന ചോദ്യത്തിന് മുമ്പിൽ മടുപ്പോടെ കൈമലർത്തുന്നവരെ ഒരു സന്തോഷവാർത്ത കാത്തിരിക്കുന്നുണ്ട്. അൽപ്പമൊന്ന് ക്ഷമിക്കാൻ തയ്യാറുള്ളവർക്കായി കിടിലൻ യാത്രകളുടെ പാക്കേജ് ഒരുങ്ങുകയാണ്.

കീശയിലൊതുങ്ങുന്ന കാശിന് പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള താമസവും കേരളത്തിലെ കാണാക്കാഴ്ചകൾ നുകരാൻ അവസരവുമൊരുക്കുകയാണ് ‘കേരളം കാണാം’ പദ്ധതി. വിനോദസഞ്ചാര വകുപ്പിന്റെ പിന്തുണയോടെ അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ ഇന്ത്യയാണ് (അറ്റോയ്) ഈ ആശയം അവതരിപ്പിക്കുന്നത്. കേരളത്തിലെ അറിയപ്പെടാത്ത വിനോദസഞ്ചാരകേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന യാത്രയും സ്റ്റാർ ഹോട്ടൽ താമസവുമാണ് പാക്കേജിന്റെ പ്രത്യേകത. കേരളത്തിൽ നിരവധി ഫാം ഹൗസ്, ആഡംബര റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവ പദ്ധതിയുടെ ഭാഗമാകും. വിനോദസഞ്ചാരശീലങ്ങളുടെ വഴിമാറിയുള്ള യാത്രയ്ക്ക് മലയാളികളെ പ്രേരിപ്പിക്കുന്നതാണ് ‘കേരളം കാണാം’–- അറ്റോയ് സെക്രട്ടറി പി വി മനു പറഞ്ഞു.

സാധാരണ നിരക്കിനേക്കാൾ നേർപകുതി പണം മുടക്കിയാണ് താമസം. ദിവസത്തേക്ക് 3500 രൂപമുതൽ നിരക്കിലുള്ള പഞ്ചനക്ഷത്ര ഹോട്ടലുകൾ ആശയത്തിന്റെ ഭാഗമാണ്. ഫോർ സ്റ്റാർ ഹോട്ടലുകൾ 2500 രൂപ മുതലും ത്രീ സ്റ്റാർ ഹോട്ടലുകൾ 1500 രൂപമുതലുമുണ്ട്.

മലയാളിയാത്രാ ഡോട്ട് കോം (malayaliyatra.com)എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്താണ് യാത്ര ഉറപ്പാക്കേണ്ടത്. സംസ്ഥാനത്തെ ഇരുപതിലധികം ട്രാവൽ ഏജൻസികൾ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവരെ ഈ ഏജൻസികളുമായി ബന്ധിപ്പിച്ചാകും പ്രവർത്തനം. പിന്നീട് സഞ്ചാരിയും ഏജൻസിയും നേരിട്ടാണ് യാത്ര നിശ്ചയിക്കുക. ഏത് ഹോട്ടൽ വേണമെന്നതുമുതൽ വാഹനം, ഗൈഡ്, ബോട്ടിങ്, ട്രക്കിങ് തുടങ്ങിയ അനുബന്ധ സർവീസുകളെല്ലാം സഞ്ചാരിക്ക് തീരുമാനിക്കാം. ഹോട്ടൽ നിരക്കിന് പുറമേ ഏജൻസിക്ക് നാമമാത്രമായ തുകയും നൽകണം. ലോക്ക്ഡൗണിൽ തകർന്ന ഏജൻസികൾക്കും ഇതൊരു താങ്ങാകും.

കോവളം, വയനാട്, കുമരകം, കൊല്ലം, പൂവാർ, പെരിയാർ നാഷണൽ പാർക്ക്, ആലപ്പുഴ, കൊച്ചി, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലെ ആഡംബര ഹോട്ടലുകളുമായി ചേർന്നാണ് പദ്ധതി. വിനോദസഞ്ചാരവകുപ്പ് അധികൃതരിൽനിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മേഖലയിൽ ഉടനെയൊരു ചലനമുണ്ടാകണമെങ്കിൽ മലയാളികൾ തന്നെ യാത്ര ചെയ്യണം. കോവിഡിനുശേഷം ആദ്യമായി യാത്രചെയ്യുക കേരളീയർ തന്നെയാകും. വിദേശികളെയോ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരെയോ പ്രതീക്ഷിക്കാനാകില്ല–- മനു പറയുന്നു. വെബ്സൈറ്റും പദ്ധതിയും മെയ് അവസാനത്തോടെ തയ്യാറായതാണ്. എങ്കിലും കോവിഡ് നിയന്ത്രണത്തിന് വിധേയമായി സർക്കാർ അനുമതി ലഭിക്കുംവരെ കാത്തിരിക്കേണ്ടിവരും.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by