കരിനിഴൽപരന്ന ഹസാരികയുടെ കലാഭൂമിയിലൂടെ…

കരിനിഴൽപരന്ന ഹസാരികയുടെ കലാഭൂമിയിലൂടെ…

ഗോതമ്പുപാടങ്ങൾക്കരികിലൂടെ നടന്നു. പൂത്തുതുടങ്ങിയിട്ടേയുള്ളൂ. അരുണാചലിലെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണല്ലോ കൃഷി. ഗ്രാമങ്ങളെല്ലാം കൃഷിഭൂമിയാൽ ചുറ്റപ്പെട്ടതാണ്. മുറ്റത്തെങ്കിലും ചെറിയതോതിൽ കൃഷിയില്ലാത്ത ഒരു വീടുമില്ല. വഴിയുടെ ഇടതുവശം കാടാണ്. നേരത്തെ ഞങ്ങൾ നടന്നുകയറിയതുപോലെ നിബിഡമായ കാട്. വഴിയും വഴിയോട് ചേർന്ന പാടങ്ങളും കഴിഞ്ഞ് തുടങ്ങുന്ന താഴ്വരയിലേക്ക് മുക്തോ ഗ്രാമം നീണ്ടുപോവുകയാണ്. അകലെ തവാങ് പട്ടണം കാണാം. തകരഷീറ്റ് മേഞ്ഞ വീടുകൾക്കുമീതെ പച്ചക്കറികൾ ഉണക്കാനിട്ടിരിക്കുന്നു. ചുവന്ന മുളകും വഴുതനപോലുള്ള വേലിക്കായയുമൊക്കെയാണ് ഉണങ്ങി മൊരിയുന്നത്. വരുന്ന തണുപ്പകാലത്തേക്കുള്ള മുൻകരുതലാണിവ.

വഴിക്കരികിൽ ഒരു കോൺക്രീറ്റ് കെട്ടിടത്തിന്റെ നിർമാണം നടക്കുന്നു. മുളയും കാട്ടുകമ്പുകളുമൊക്കെ താങ്ങിനിർത്തിയാണ് കോൺക്രീറ്റ്. തവാങ്ങിൽ പൊതുവെ കോൺക്രീറ്റ് കെട്ടിടങ്ങൾ കുറവാണ്. അതിനുകാരണം പരമ്പരാഗത ഗോത്രവിഭാഗക്കാരായ മോൻപകളുടെ സമീപനം തന്നെയാണ്.

മുക്തോ ഗ്രാമത്തിലെ പാടങ്ങൾ

മുക്തോ ഗ്രാമത്തിലെ പാടങ്ങൾ

തങ്ങളുടെ സ്വാഭാവിക ജീവിതരീതികളിൽനിന്ന് വ്യതിചലിക്കാൻ ഈ വിഭാഗക്കാരിൽ നല്ലൊരുപങ്കും തയ്യാറല്ല. പുതിയ തലമുറയിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും സാമ്പ്രദായിക രീതികളുടെ നിയന്ത്രണം ഇപ്പോഴും ഗോത്രത്തലവന്മാരിലാണ്. അത് വീടുനിർമാണത്തിൽ മാത്രമല്ല, നാടിന്റെ വികസനവുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങളിലും യാഥാസ്ഥിതിക വിഭാഗം കടുംപിടിത്തം തുടരുന്നു. ബുദ്ധിസ്റ്റ് മൊണാസ്ട്രികൾ ഈ വിഭാഗക്കാരിൽ ചെലുത്തുന്ന സ്വാധീനത്തെ മറികടക്കാൻ മറ്റൊന്നുമില്ലെന്നുതന്നെ പറയേണ്ടിവരും.

പശ്ചിമ അരുണാചൽ പ്രദേശത്തൊഴുകുന്ന തവാങ് നദിയിൽ ജലവൈദ്യുത പദ്ധതികൾ നിർമിക്കാനും അരുണാചലിന്റെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണാനും ഒരു ദശാബ്ദം മുമ്പ് നീക്കമുണ്ടായി. ചൈന, ഭൂട്ടാൻ അതിർത്തി പ്രദേശങ്ങളിലായിരുന്നു നിർമാണം ആലോചിച്ചത്. എന്നാൽ അരുണാചലിന്റെ 250 ഹെക്ടറോളം വനഭൂമിയിൽ വെള്ളം കയറുമെന്നും മോൻപ ഗ്രാമങ്ങളുടെ ആവാസവ്യവസ്ഥ തകർക്കപ്പെടുമെന്നും വ്യാപകമായ പ്രചാരണമുണ്ടായി. തങ്ങളുടെ ആരാധനാകേന്ദ്രങ്ങളായ മൊണാസ്ട്രികൾ പലതും വെള്ളത്താൽ ചുറ്റപ്പെടുമെന്നും അത് വിശ്വാസത്തിന് ഹാനിയാകുമെന്നും പുരോഹിതന്മാർതന്നെ പറഞ്ഞുനടന്നു.
ഏറെ വിചിത്രമായത് കരിങ്കഴുത്തൻ കൊക്കുകളുടെ കഥയാണ്. വർഷത്തിലൊരിക്കൽ തവാങ് നദീതീരങ്ങളിൽ പറന്നെത്തുന്ന കരിങ്കഴുത്തൻമാർ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആറാം ദലൈലാമയുടെ അവതാരങ്ങളാണത്രേ. കരിങ്കഴുത്തൻമാരെക്കുറിച്ച് ഏറെ എഴുതുകയും പാടുകയും ചെയ്ത ദലൈലാമയുടെ ആത്മാവാണ് എല്ലാ വർഷവും എത്തുന്നതെന്നും അണക്കെട്ടുകൾ വന്നാൽ അവയ്ക്ക് പറന്നു നടക്കാനാകില്ലെന്നും ചിലർ വിധിയെഴുതി. തവാങ് മൊണാസ്ട്രി കേന്ദ്രീകരിച്ച് മോൻപകളുടെ പ്രത്യേക സമ്മേളനംതന്നെ വിളിച്ചുചേർത്തു. വിഷയം പാർലമെന്റിലും ചർച്ചയായി. ജനങ്ങളുടെ വിശ്വാസം സംരക്ഷിച്ചുകൊണ്ടുമാത്രം നിർമാണ പ്രവർത്തനങ്ങൾ മതിയെന്ന അലിഖിത തീരുമാനത്തിലേക്ക് ഭരണാധികാരികൾ എത്തി. ഒരു ദശാബ്ദം പിന്നിട്ടിട്ടും കരിങ്കഴുത്തൻ കൊക്കുകളുടെ ദേശാന്തര സഞ്ചാരത്തെക്കുറിച്ചുള്ള പഠനം എങ്ങുമെത്തിയതായി ആർക്കും നിശ്ചയം പോര. തവാങ് നദി കാര്യമായ തടസ്സമൊന്നുമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്നു.

മുക്തോ ഗ്രാമം

മുക്തോ ഗ്രാമം

നിർമാണജോലികൾ ചെയ്തുകൊണ്ടിരുന്നവരുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് ബൈക്കുമായി അതുവഴി ഒരു യുവാവ് വന്നത്. തൊട്ടടുത്ത് ഒരു മാരുതി വാൻ വാടകയ്ക്ക് ലഭിക്കുമെന്നും ൈഡ്രവർ ഉണ്ടെങ്കിൽ സംഘടിപ്പിച്ചുവരാമെന്നും പറഞ്ഞ് അയാൾ േപായി. ഏതാണ്ട് പത്തുമിനിറ്റിനുള്ളിൽ വാഹനമെത്തി. മുക്തോ ഗ്രാമത്തിന്റെ ഉള്ളിലേക്ക് യാത്രചെയ്യുകയാണ് ഞങ്ങൾ. കാനനവഴിയിൽ ഒന്നുരണ്ട് വളവ് തിരഞ്ഞപ്പോൾതന്നെ ശക്തമായ മഴ. മാരുതിവാനിൽ ബാക്സീറ്റ് ഇല്ലാത്തതിനാൽ രണ്ടുപേർ പ്ലാറ്റ്ഫോമിൽ ഇരുന്നാണ് സഞ്ചാരം. മഴ ഗ്ലാസിനിടയിലൂടെ ഉള്ളിൽകടന്ന് ചെറുതായി കുതിർക്കുന്നുണ്ട്. കാട്ടരുവികൾ ഒഴുകിയെത്തുന്ന വളവുകളിലെല്ലാം അതിനോട് ചേർന്ന് പ്രാർഥനാചക്രങ്ങളുണ്ട്. മഴ അവയുടെ കറക്കത്തിനും കരുത്തായിട്ടുണ്ട്. വഴിയാകെ മണ്ണിടിഞ്ഞ് തകർന്നുകിടക്കുന്നു. അതിനിടയിലൂടെ സാഹസപ്പെട്ടാണ് മാരുതി ഓടിക്കയറുന്നത്.

ചെറിയൊരു തകര ഷെഡ്ഡിനുമുന്നിൽ വാഹനം നിന്നു. ഇതാണ് കടലാസുണ്ടാക്കുന്ന ആല. അതിനുമുന്നിൽ കുറെ കാട്ടുകന്പുകൾ നിരയായി ഉറപ്പിച്ചുവച്ചിട്ടുണ്ട്. അതിൽ തടിയിൽ തീർത്ത, വലക്കണ്ണികൾപോലെ അറയുള്ള മെഷുപോലെ തുണി പിടിപ്പിച്ച സ്ക്രീനുകൾ. അതിലാണ് കടലാസ് രൂപംകൊള്ളുന്നത്.

മഴമാറി. പെട്ടെന്ന് വെയിലുവന്നു. ചുറ്റും പച്ചക്കറി കൃഷിചെയ്ത പാടത്തിനരികിൽ ചെറിയൊരു തകര ഷെഡ്ഡിനുമുന്നിൽ വാഹനം നിന്നു. ഇതാണ് കടലാസുണ്ടാക്കുന്ന ആല. അതിനുമുന്നിൽ കു റെ കാട്ടുകന്പുകൾ നിരയായി ഉറപ്പിച്ചുവച്ചിട്ടുണ്ട്. അതിൽ തടിയിൽ തീർത്ത, വലക്കണ്ണികൾപോലെ അറയുള്ള മെഷുപോലെ തുണിപിടിപ്പിച്ച സ്ക്രീനുകൾ. അതിലാണ് കടലാസ് രൂപംകൊള്ളുന്നത്. ഇളംവെയിലിൽ തിളങ്ങിനിൽക്കുകയാണവ. യൗവനം വിട്ടുമാറാത്ത മധ്യവയസ്കയാണ് ആലയുടെ ഉടമസ്ഥയും പണിക്കാരിയും. പണിനിർത്തി ഗ്രാമത്തിലേക്ക് മടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് ഞങ്ങൾ ചെന്നുകയറിയത്. ആലയ്ക്കുള്ളിലേക്ക് അവർ ഞങ്ങളെ ക്ഷണിച്ചു.

നമ്മുടെ നാട്ടിൻപുറങ്ങളിൽ ഒരുകാലത്ത് സമൃദ്ധമായി ലഭിച്ചിരുന്ന ഈഞ്ച എന്ന ഒരുതരം വള്ളിയുണ്ട്. തിരുവനന്തപുരത്തെ കാടിനോട് ചേർന്ന നാട്ടിൻപുറങ്ങളിൽ കൈവൻ എന്ന മറ്റൊരു ചെടികൂടിയുണ്ട്. ഇവയുടെ തൊലി ഇളക്കിയെടുത്ത് കയറായി ഉപയോഗിക്കാനാകും. അത്തരം ചെടിയുടെ തൊലി വലിയ രണ്ടോമൂന്നോ കെട്ടുകളായി ആലയ്ക്കുള്ളിൽ ഇരിപ്പുണ്ട്. കടലാസ് നിർമിക്കുന്ന അസംസ്കൃത വസ്തുവിൽ ഏറ്റവും പ്രധാനം ഇതാണ്. ഷുഗു ഷെങ് എന്ന കുറ്റിച്ചെടിയുടെ തോലാണ് നാരുകളാക്കി കെട്ടിവെച്ചിട്ടുള്ളത്. ഷുഗു ഷെങ് മുൻപൊക്കെ മുക്തോയിലെ കാട്ടിൽ സുലഭമായിരുന്നു. ഇപ്പോൾ പേരിന് മാത്രമേയുള്ളൂ. ഗ്രാമീണർ കൃഷിയിടങ്ങളിൽ ഈ കുറ്റിച്ചെടി വച്ചുപിടിപ്പിക്കുന്നതിനാൽ കുറച്ചൊക്കെ പേപ്പർ നിർമാണം നടക്കുന്നുണ്ട്. ഒരുകാലത്ത് ഈ ഗ്രാമത്തിലെ മോൻപകളുെട കുലത്തൊഴിലായിരുന്നു കടലാസ് നിർമാണം. ഇപ്പോൾ അഞ്ചോ ആറോ സ്ഥലങ്ങളിൽ ചുരുങ്ങി.

മുക്തോയിലെ പരമ്പരാഗത  കടലാസ് നിർമാണം

മുക്തോയിലെ പരമ്പരാഗത കടലാസ് നിർമാണം

ആലയ്ക്കുള്ളിൽ മൺകലത്തിൽ കുതിർന്നുകിടക്കുകയാണ് മരത്തൊലി. പ്രത്യേകതരത്തിൽ പുഴങ്ങിവച്ചതാണിത്. ഷുഗു ഷെങ് തൊലി വെട്ടിയെടുത്ത് രണ്ടുമൂന്നുദിവസം വെയിലിൽ ഉണക്കാനിടും. എന്നിട്ട് വെള്ളത്തിൽ കുതിർക്കും. തുടർന്ന് രണ്ടുവട്ടം പുഴങ്ങിയെടുക്കും. ഇത് കല്ലിൽ ചുറ്റികയോ തടിക്കഷ്ണമോ ഉപയോഗിച്ച് ചതച്ച് പതംവരുത്തും. ഏതാണ്ട് ഒട്ടുന്ന കുഴന്പ് രൂപത്തിലെത്തുമ്പോൾ നേരത്തെ കണ്ട സ്ക്രീനിൽ വെള്ളത്തോടൊപ്പം പ്രത്യേക തരത്തിൽ ചാലിച്ച് ഉറപ്പിക്കും. പിന്നെ വെയിലിൽ ഉണങ്ങിത്തുടങ്ങുമ്പോൾ സ്ക്രീനിൽനിന്ന് കടലാസ് പൊളിഞ്ഞിളകും.

ഞങ്ങളുടെ നിർബന്ധത്തിനൊടുവിൽ ഒന്നോ രണ്ടോ കടലാസ് ആ സ്ത്രീ ഞങ്ങൾക്കായി നിർമിച്ചുകാട്ടി. ഇളം തവിട്ടുനിറം കലർന്ന കടലാസിനുതന്നെ പൗരാണികതയുടെ ചന്തമുണ്ട്.തവാങ് ഉൾപ്പെടെയുള്ള പ്രധാന മൊണാസ്ട്രികളിലെല്ലാം ഈ കടലാസാണ് ഉപയോഗിക്കുന്നത്. മന്ത്രതന്ത്രങ്ങൾ എഴുതാനും ബുദ്ധക്കുട്ടികൾക്ക് കൈെയഴുത്ത് പരിശീലിക്കാനും ഈ കടലാസാണ്. പ്രാദേശിക കരകൗശല നിർമാണത്തിലും ഇതിന് പങ്കുണ്ട്. തികച്ചും നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഈ സാമ്പ്രദായിക കരവിരുത് സംരക്ഷിക്കാൻ പ്രത്യേക പദ്ധതികളൊന്നുമില്ലെന്നതാണ് ഏറെ ഖേദമുണ്ടാക്കുന്നത്. ഇത്രയേറെ ബുദ്ധിമുട്ടി നിർമിക്കുന്ന കടലാസിന്റെ വിലയോ? ‘നിങ്ങൾ ഒരു കടലാസിന് 20 രൂപ തന്നാൽ മതി’, ആ സ്ത്രീ പറഞ്ഞു. ഒരു മീറ്ററോളം നീളവും അരമീറ്റർ വീതിയുമുള്ള അപൂർവ കടലാസിന്റെ വിലയാണിത്. ഞങ്ങൾ കുറെ വാങ്ങിയതിനാൽ പ്രത്യേക ഡിസ്കൗണ്ട് നൽകാനും അവർ തയ്യാറായി. മുക്തോയിൽനിന്ന് തവാങ്ങിലേക്ക് പോകുംവഴിയാണ് അവർ താമസിക്കുന്നത്. വാഹനത്തിലെ ബുദ്ധിമുട്ട് വകവയ്ക്കാതെ ഞങ്ങൾ ആ സ്ത്രീയെയും ഒപ്പംകൂട്ടി. മാരുതി വാനിന്റെ പ്ലാറ്റ്ഫോമിലിരുന്നാണ് കുന്നിറങ്ങിയതും. സന്ധ്യയോടെ തവാങ്ങിലെത്തി.

മുക്തോയിലെ ഗ്രാമീണ മൊണാസ്ട്രി

മുക്തോയിലെ ഗ്രാമീണ മൊണാസ്ട്രി

പിറ്റേന്ന് രാവിലെതന്നെ മടക്കയാത്രതുടങ്ങി. അങ്ങോട്ട് യാത്രചെയ്തതിനേക്കാൾ ദുരിതമാണ് ഇപ്പോഴുള്ള വഴി. ചെറിയ മഴയും മഞ്ഞും റോഡിനെ തെന്നുന്നവിധമാക്കിയിട്ടുണ്ട്. സേലാ പാസ് പൂർത്തിയാകുംമുന്പ്, യാക്കുകൾ മേയുന്ന പുൽത്തകിടിക്കരികിലെ ചെറിയൊരു തട്ടുകടയിൽ പ്രഭാതഭക്ഷണത്തിനായി ഇറങ്ങി. സോങ്ദോങ് എന്ന ഇടത്താവളമാണിത്. കനത്ത മഞ്ഞുകാലത്ത് തവാങ് മുതൽ സേല വരെയുള്ള നിരവധി കുടുംബങ്ങൾ താൽക്കാലിക തങ്ങലിടമാക്കുന്നത് ഇവിടെയാണ്. പട്ടാള വാഹനങ്ങൾ നിരവധി കടന്നുപോകുന്നുണ്ട്. ചില വാഹനങ്ങൾ തട്ടുകടയ്ക്കുമുന്നിൽ നിർത്തി. അവിടത്തെ കടയുടമയായ യുവതിയോട് പട്ടാളക്കാരിൽ ചിലർ അടക്കം പറയുന്നത് ശ്രദ്ധിക്കാതിരുന്നില്ല.

ഞങ്ങളുടെ വാഹനത്തിന്റെ ഡ്രൈവറാണ് കടക്കാരിയും പട്ടാളക്കാരും തമ്മിലുള്ള രഹസ്യം വെളിപ്പെടുത്തിയത്. പട്ടാളക്കാർ എത്തിക്കുന്ന ഡീസലും പെട്രോളും മറിച്ചുവിൽക്കലാണ് അവളുടെ പ്രധാന പണി. പട്ടാള വണ്ടികളിൽതന്നെ ഡീസലും പെട്രോളും കടയ്ക്കുമുന്നിലെത്തും. അതിർത്തിപാലനത്തിന്റെയും സുരക്ഷയുടെയും പേരിൽ ചെലവിടുന്ന ലക്ഷക്കണക്കിന് രൂപ ഇത്തരം കറുത്ത മാർഗങ്ങളിലൂടെ ഒഴുകിപ്പോകുന്നുവെന്ന് തെളിയിക്കുന്നതാണ് തട്ടുകടയിലെ പെട്രോൾ കച്ചവടം. കച്ചവടത്തിന് അനുമതിയില്ലെന്നതോ പോട്ടെ, ഇവിടെ വിൽപ്പന നടത്തുന്ന പെട്രോളും ഡീസലും എവിടെനിന്ന് ലഭിക്കുന്നുവെന്ന പരിശോധനപോലുമില്ല.

സേല ഇറങ്ങിക്കഴിഞ്ഞപ്പോൾ പ്രശ്നങ്ങളും ഒപ്പംകൂടി. വലിയ മണ്ണിടിച്ചിലാണ്. വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. എന്തായാലും ഏറ്റവും കുറഞ്ഞത് രണ്ടുമണിക്കൂർ കഴിയാതെ റോഡ് ശരിയാകില്ല. മാർഗതടസ്സം മാറിയാൽതന്നെ ഇരുവശവും നിർത്തിയിട്ടുള്ള വാഹനങ്ങൾ ചലിക്കണമെങ്കിൽ വീണ്ടും സമയമെടുക്കും. തൊട്ടടുത്താണ് മണ്ണിടിച്ചിലുണ്ടായതെന്ന് ഡ്രൈവർ പറഞ്ഞു. ഞങ്ങൾ വാഹനത്തിൽനിന്ന് ഇറങ്ങിനടന്നു. രണ്ട് ഹെയർപിൻ വളവുകളെ പൂർണമായും മൂടിക്കൊണ്ടാണ് മുകളിൽനിന്ന് ഒരു കുന്ന് താഴേക്ക് വീണുടഞ്ഞത്. വാഹനങ്ങളൊന്നും അതിനടിയിൽ പെട്ടിട്ടില്ല. സേല വഴിയുള്ള യാത്രയ്ക്ക് മിക്കപ്പോഴും എല്ലാവരും തെരഞ്ഞെടുക്കുന്ന സമയം പുലർച്ചെയാണ്. അതിനുകാരണം പട്ടാള വാഹനങ്ങളാണ്. പത്തുപതിനൊന്നു മണിയോടെ വിവിധ ബാരക്കുകളിലുള്ള വാഹനങ്ങൾ കോൺവോയിയായി സഞ്ചരിക്കും. ഈ സമയത്ത് മറ്റു വാഹനങ്ങൾ വന്നുപെട്ടാൽ കുടുങ്ങും. എന്തായാലും പട്ടാളം കവാത്ത് തുടങ്ങിയിട്ടില്ല. പക്ഷേ, അവരുടെതന്നെ മണ്ണുമാന്തി ഉൾപ്പെടെയുള്ള യന്ത്രസംവിധാനമെല്ലാം ധൃതഗതിയിൽ ദുരന്തമുഖത്തെത്തിയിട്ടുണ്ട്.

മൊണാസ്ട്രിക്കുള്ളിൽ ബുദ്ധഭിക്ഷു പ്രാർഥനയിൽ

മൊണാസ്ട്രിക്കുള്ളിൽ ബുദ്ധഭിക്ഷു പ്രാർഥനയിൽ

മണ്ണുമൂടിയ വഴി പഴയപടിയാക്കുകയല്ല ചെയ്യുന്നത്, പകരം മുകളിൽനിന്ന് താഴേക്ക് പുതിയ വഴിയൊരുക്കുകയാണ്. മണ്ണുമാന്തികൾ തള്ളിക്കൊണ്ടുവരുന്ന മണ്ണ് ചെറിയ യന്ത്രങ്ങൾ തട്ടി നിരപ്പാക്കുന്നു. ഇതിനിടെ നിർത്തിയിട്ട വാഹനങ്ങൾ ഒരു നിയന്ത്രണവും പാലിക്കാതെ നിരപ്പാക്കുന്ന വഴിയിലേക്ക് കടന്നുകയറുകയാണ്. ഞങ്ങളുടെ ഡ്രൈവറായിരുന്നു അതിലെ മിടുമിടുക്കൻ. നിമിഷങ്ങൾക്കുള്ളിൽ എങ്ങനെയോഒക്കെ വാഹനം മുന്നിലെത്തിച്ചു. പിന്നാലെ മറ്റുള്ളവരും. രണ്ടുമണിക്കൂറോളം കുടുങ്ങിക്കിടന്നെങ്കിലും അന്ന് വൈകുന്നേരത്തോടെ തേസ്പൂരിലെത്താനായത് അയാളുടെ അവസരോചിത ബുദ്ധികൊണ്ടാണ്.
അസമിലേക്ക് മടങ്ങുന്നത് ഗുവാഹത്തി ഹൈവേയിലൂടെയാണെങ്കിലും സന്ധ്യക്കെങ്കിലും തേസ്പൂരിൽ എത്താനുള്ള എളുപ്പവഴിയിലാണ് ഡ്രൈവർ. ആങ്കെലിങിനും ബലേമുവിനുമിടയിൽ ഉദൽഗുഡി (ഗുരി) യിൽനിന്ന് മസ്ബത്തിൽ എത്താൻ ഊടുവഴിയുണ്ട്. ഉദൽഗുഡിയിൽ ലഘുഭക്ഷണത്തിനായി നിർത്തുമ്പോൾ അയാൾ വഴി തേടിപ്പിടിച്ചു.
ഉദൽഗുഡി വെറുമൊരു സ്ഥലമല്ല. അസമിന്റെ ചരിത്രത്തിൽ വളരെ നിർണായക സ്വാധീനമുള്ള ഭൂപ്രദേശം. പൗരത്വവിഷയം ഏറെ ചർച്ചചെയ്യപ്പെടുന്ന ഈ കാലത്ത് ഉദൽഗുഡിയുടെ രാഷ്ട്രീയം അറിഞ്ഞേതീരൂ. ബോഡോ കലാപവുമായി ഇഴപിരിയാത്ത ബന്ധമാണ് ഈ പട്ടണത്തിനുള്ളത്. ബോഡോ കലാപകാരികളും (ബോഡോ ലിബറേഷൻ ടൈഗേഴ്സ്) അസം ഗവൺമെന്റും ഇന്ത്യാ ഗവൺമെന്റും 2003 ഫെബ്രുവരി പത്തിനുണ്ടാക്കിയ ത്രികക്ഷി കരാറനുസരിച്ച് (2020 ജനുവരിയിൽ പുതുക്കി) രൂപീകൃതമായ നാല് ബോഡോ സ്വതന്ത്രജില്ലയിൽ (ബോഡോലാന്റ് ടെറിട്ടോറിയൽ ഓട്ടോണമസ് ഡിസ്ട്രിക്ട്) ഒന്നാണ് ഉദൽഗുഡി. നേരത്തെ ഇത് ദിരാങ് ജില്ലയുടെ ഭാഗമായിരുന്നു. ആദിമ ഗോത്രവിഭാഗമായ ബോഡോകളുടെ സ്വത്വം നിലനിർത്തുന്നതിനും സാമൂഹ്യവും മതപരവുമായ അഭയാർഥിത്വത്തിനെതിരെയുമായിരുന്നു ബോഡോ കലാപമെന്ന് വേണമെങ്കിൽ ചുരുക്കത്തിൽ പറയാം. നാഗാലാൻഡിലും മിസോറാമിലും ഉൾപ്പെടെ ഉണ്ടായ കലാപങ്ങൾ പോലെ അക്രമാസക്തവുമായിരുന്നു.

പുതിയ കരാറിലൂടെ സ്വതന്ത്ര ഭരണസംവിധാനത്തിന് കൂടുതൽ ശക്തിയാർജിക്കാനായെങ്കിലും പൗരത്വബില്ലും തുടർന്നുണ്ടായ ഇടപെടലുകളും ബോഡോ മേഖലയെ വീണ്ടും പ്രക്ഷുബ്ധമാക്കിയിട്ടുണ്ട്. അത് അസമിൽ പൊതുവെ രൂപപ്പെട്ട അസ്വസ്ഥതകളുടെ ഭാഗവുമാണ്. പൗരത്വപട്ടികയിൽ ഉൾപ്പെടുന്നതിനുള്ള അപേക്ഷ കൊടുക്കുന്നതിൽ കാലതാമസം വന്നുവെന്ന ഒറ്റക്കാരണത്താൽ ഉറ്റവരെ ഉപേക്ഷിക്കേണ്ടിവന്ന നിരവധിപേർ അസമിലുണ്ട്. ലിസ്റ്റിൽ െപടാത്തവരെ കുറച്ചുദിവസം ജയിലില് പാര്പ്പിച്ചു. പിന്നെ രാത്രിയില് അതിര്ത്തിയില് കൊണ്ടുപോയി ബംഗ്ലാദേശിലേക്ക് തള്ളിവിട്ട സംഭവങ്ങളുമുണ്ട്.
ഭർത്താവും മക്കളുമെല്ലാം ഇന്ത്യക്കാർ. ഭാര്യമാത്രം വിദേശി, അതും അനധികൃത കുടിയേറ്റക്കാരി. ഭാര്യയുടെ ഇന്ത്യന് പൗരത്വം തെളിയിക്കുന്ന രേഖകള് കൈവശമുണ്ട്. എന്നാല് നിശ്ചിത സമയത്തിനുള്ളില് സര്ക്കാറുമായി ബന്ധപ്പെട്ട കാര്യങ്ങള് തെറ്റുകള് കൂടാതെ ചെയ്തുതീര്ക്കാന് മാത്രമുള്ള വിദ്യാഭ്യാസമോ സ്വാധീനമോ ഇല്ലാത്തതിനാല് അപ്പീല് കൊടുക്കാന് സാധിച്ചില്ല. വര്ഷങ്ങളായി സ്വന്തം ഭാര്യയെയും ഭർത്താവിനെയും മക്കളെയുമൊക്കെക്കുറിച്ച് ഒരു വിവരുമില്ലാത്ത എത്രയോപേർ അസമിൽ കറങ്ങിത്തിരിയുന്നു.

ദിരാങ്ങിലേക്കുള്ള വഴിയിലെ ബുദ്ധക്കൊടികൾ

ദിരാങ്ങിലേക്കുള്ള വഴിയിലെ ബുദ്ധക്കൊടികൾ

അസമിലെ പൗരത്വപ്രശ്നം തുടങ്ങുന്നത് 2014ല് ദേശീയ പൗരത്വ പട്ടിക പുതുക്കാന് ആരംഭിക്കുന്നതോടെയല്ല. ചരിത്രം ബ്രിട്ടീഷ് കാലത്തോളം നീളന്നു. 1826ല് ആണ് ബര്മയുടെ (മ്യാന്മര്) പക്കല് നിന്നും അസമിനെ ബ്രിട്ടന് പിടിച്ചെടുക്കുന്നത്. 1826 മുതല് ബംഗാള് പ്രസിഡന്സിയുടെ കീഴിലായി. 1874ല് പുതിയ പ്രസിഡന്സിയായി പ്രഖ്യാപിച്ചു. പുതുതായി രൂപീകരിക്കപ്പെട്ട പ്രവിശ്യയിലേക്ക് കിഴക്കന് ബംഗാളിന്റെ ഭാഗമായ സില്ഹേറ്റും ചേര്ത്തു. പിന്നീട് ബംഗാള് വിഭജനത്തിനു ശേഷം കിഴക്കന് ബംഗാള് മുഴുവനായും അസം പ്രസിഡന്സിയോട് ചേർത്തു. ബംഗാള് വിഭജനത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങള്ക്കൊടുവില് 1911ല് തീരുമാനം പിൻവലിച്ചെങ്കിലും ബംഗാളി മേധാവിത്വമുള്ള സില്ഹേറ്റ് അസമിനൊപ്പം നിലനിർത്തി. ഇത് 1947ല് കിഴക്കന് പാകിസ്ഥാന് രൂപീകരിക്കുംവരെ തുടര്ന്നു.

1947 വരെ പശ്ചിമ ബംഗാളും കിഴക്കന് ബംഗാളും അസമും ഉള്പ്പെടുന്നത് ഒറ്റ മേഖലയായിരുന്നു. തേയിലത്തോട്ടങ്ങളില് പണിയെടുക്കുന്നതിനായും പിന്നീട് ബ്രഹ്മപുത്രാ തീരങ്ങളിൽ കൃഷി ചെയ്യുന്നതിനായും ബംഗാള് പ്രദേശങ്ങളില്നിന്ന് ജനവാസം കുറഞ്ഞ അസം മേഖലകളിലേക്ക് ആളുകള് കുടിയേറിപ്പാർത്തു. ഇവര് കാലക്രമേണ സമ്പത്ത് കൈവരിക്കുകയും ഭൂമി സ്വന്തമാക്കുകയും ചെയ്തു. ഇത് തുടക്കംമുതൽ തദ്ദേശീയ അസമീസ് ജനതയെ പ്രകോപിപ്പിച്ചു. ഈ വിഷയം അസം രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി നിലനിന്നു. 1951ല് ആദ്യത്തെ പൗരത്വ പട്ടിക പ്രഖ്യാപനം വന്നു. 1951 വരെയുള്ള വോട്ടര് പട്ടികയില് ഉള്പ്പെട്ടിട്ടുള്ളവരുടെ പേരുകളാണ് ആദ്യത്തെ പൗരത്വ പട്ടികയില് ഉള്പ്പെടുത്തിയത്. എന്നാല് അതോടെ പ്രശ്നങ്ങള് അവസാനിച്ചില്ല.

ഇന്ത്യ ഏറ്റവുമധികം അതിര്ത്തി പങ്കിടുന്നത് ബംഗ്ലാദേശുമായാണ്. പാകിസ്ഥാന് രൂപീകരണശേഷം ഇന്ത്യയിലേക്ക് വ്യാപകമായി കുടിയേറ്റമുണ്ടായി. കിഴക്കന് പാകിസ്ഥാനിലെ ആഭ്യന്തര വിഷയങ്ങളും പട്ടിണിയും ജീവിതമാര്ഗം തേടിയും നാടുവിട്ടുവന്നവരും അക്കൂട്ടത്തിലുണ്ട്. അതിൽ ഹിന്ദുക്കളുമുണ്ട്. ഇങ്ങനെ വന്നവരില് ഒട്ടനവധിപേരെ ഇന്ത്യ തിരിച്ചയച്ചിട്ടുണ്ട്.

ഇന്ത്യ ഏറ്റവുമധികം അതിര്ത്തി പങ്കിടുന്നത് ബംഗ്ലാദേശുമായാണ്. പാകിസ്ഥാന് രൂപീകരണശേഷം ഇന്ത്യയിലേക്ക് വ്യാപകമായി കുടിയേറ്റമുണ്ടായി. കിഴക്കന് പാകിസ്ഥാനിലെ ആഭ്യന്തര വിഷയങ്ങളും പട്ടിണിയും ജീവിതമാര്ഗം തേടിയും നാടുവിട്ടുവന്നവരും അക്കൂട്ടത്തിലുണ്ട്. അതിൽ ഹിന്ദുക്കളുമുണ്ട്. ഇങ്ങനെ വന്നവരില് ഒട്ടനവധിപേരെ ഇന്ത്യ തിരിച്ചയച്ചിട്ടുണ്ട്. 1950കളില് അസമില്നിന്ന് 2.5 ലക്ഷം പേരെയും 1960ല് ആറ് ലക്ഷം പേരെയും കിഴക്കന് പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു. 1971ല് ബംഗ്ലാദേശ് യുദ്ധസമയത്തു ലക്ഷക്കണക്കിന് അഭയാര്ഥികളാണ് ഇന്ത്യയിലേക്ക് വന്നത്. ഇന്ദിരാഗാന്ധിയും മുജിബ് റഹ്മാനും തമ്മിലുണ്ടാക്കിയ കരാര് പ്രകാരം കുറേപ്പേർ തിരിച്ചുപോയി.

വഴിയരികിലെ ചോർട്ടനുകൾ (സ്മാരകങ്ങൾ)

വഴിയരികിലെ ചോർട്ടനുകൾ (സ്മാരകങ്ങൾ)

എന്നാൽ ഒരുപാടുപേര് ഇന്ത്യയില് തുടര്ന്നു. കുടിയേറ്റ പ്രശ്നം രൂക്ഷമായി തുടരുമ്പോഴാണ് 1979ൽ അസമിലെ മംഗള്ദോയി ലോക്സഭ മണ്ഡലത്തില് ഉപതെരഞ്ഞെടുപ്പ്. അരലക്ഷത്തോളം ബംഗ്ലാദേശികൾ വോട്ടുകള് രേഖപ്പെടുത്തിയതായി ആരോപണമുയർന്നു. അത് വൻ രാഷ്ട്രീയ കലാപങ്ങള്ക്കാണ് വിത്തിട്ടത്. ബംഗാളികൾക്കെതിരെ തുടങ്ങിയ പ്രക്ഷോഭം അക്രമാസക്തമായി. 1983ലെ നെല്ലികൂട്ടക്കൊല ഇതിന്റെ തുടർച്ചയാണ്. സ്വാതന്ത്ര്യത്തിനുമുമ്പ് അസമിൽ കുടിേയറിയ, കിഴക്കന് ബംഗാളികൾ ഉൾപ്പെടുന്ന രണ്ടായിരത്തിലധികം മുസ്ലിങ്ങളെയാണ് കൂട്ടക്കൊല ചെയ്തത്. ഒടുവില്, 1985ല് അസം കരാറിലൂടെ അക്രമത്തിന് തടയിടാനായി. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി അസം സ്റ്റുഡന്റ് യൂണിയനും ഓള് അസം ഗണസംഗ്രാം പരിഷത്തുമാണ് കരാറില് ഒപ്പുവച്ചത്. 1971 മാര്ച്ച് 24ന് ശേഷം അസമിലേക്ക് വന്ന എല്ലാവരും വിദേശികളാണെന്നും 1951ല് തയാറാക്കിയ പൗരത്വ പട്ടിക പുതുക്കുമെന്നുമായിരുന്നു കരാറിന്റെ കാതൽ.

അസമില് അലി എന്നതുകൊണ്ട് മുസ്ലിമിനെയും, കൂലി എന്നതുകൊണ്ട് തേയിലത്തോട്ടങ്ങളിലെ ആദിവാസി തൊഴിലാളികളെയും, ബംഗാളി എന്നതുകൊണ്ട് ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളെയും, നേപ്പാളി എന്നാൽ ഗൂർഖാ ഗോത്രവിഭാഗത്തെയും ആണ് ഉദ്ദേശിക്കുന്നത്. കിഴക്കന് ബംഗാള് പിന്നീട് ബംഗ്ലാദേശ് ആയതോടെ ബംഗാളില്നിന്നു കുടിയേറി പാര്ത്തവരെല്ലാം മുസ്ലിങ്ങൾ എന്ന പ്രതീതിയുണ്ടാക്കി. സ്വാതന്ത്ര്യാനന്തര കാലത്ത് കിഴക്കന് പാകിസ്ഥാനില് നിന്നും പടിഞ്ഞാറന് പാകിസ്ഥാനില്നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്തവരില് ഭൂരിഭാഗവും ഹിന്ദുക്കളാണ്. പലവിധ ആദിവാസി വിഭാഗങ്ങളുള്ള അസമിലേക്ക് ഹിന്ദുക്കൾക്ക് മുന്പേയെത്തിയത് മുസ്ലിങ്ങളാണെന്ന് ചരിത്രം പറയുന്നു.

1946 മുതലേ ആര്എസ്എസ് വടക്കുകിഴക്കന് സംസ്ഥാനങ്ങളില് പ്രവര്ത്തിക്കുന്നുണ്ട്. എന്നാല് അവര്ക്കു വ്യക്തമായ ഇടമുണ്ടാകുന്നത് അസം മുന്നേറ്റത്തിന്റെ കാലത്താണ്. അസമിലെ മാറുന്ന രാഷ്ട്രീയം മനസ്സിലാക്കിയ ബിജെപി വോട്ടുബാങ്ക് രാഷ്ട്രീയം ഉന്നംവെച്ച് ഹിന്ദൂയിസത്തെ പ്രാദേശികവത്ക്കരിച്ചു. അസം പ്രക്ഷോഭത്തിനുശേഷം ഉയർന്ന മുസ്ലിം ജനസംഖ്യ ചൂണ്ടിക്കാട്ടി ആര്എസ്എസിന്റെ പിന്ബലത്തോടെ ബിജെപി വളര്ന്നു. 1991 ആയപ്പോഴേക്കും അസമിലെ മുസ്ലിം ജനസംഖ്യ 28.43 ശതമാനവും 2011ൽ 34.22 ശതമാനവുമാണ്. ഇത് മുസ്ലിം കുടിയേറ്റത്തിന്റെ വളർച്ചയ്ക്ക് കാരണമായി ബിജെപി ചൂണ്ടിക്കാട്ടുന്നു. എന്നാല് ഇത് കുടിയേറ്റം മൂലമല്ലെന്നും മുസ്ലിം ജനസംഖ്യ ഹിന്ദുക്കളെക്കാള് വേഗത്തില് ഉയരുന്നതുകൊണ്ടാണെന്നും വാദമുയർന്നിട്ടുണ്ട്. 2014ല് സുപ്രീം കോടതിയുടെ നേരിട്ടുള്ള മേല്നോട്ടത്തിലാണ് പൗരത്വ പട്ടിക പുതുക്കല് നടപടി ആരംഭിച്ചത്. 3.29 കോടി ജനങ്ങളില് നിന്നും 6.2 കോടി രേഖയാണ് ശേഖരിച്ചത്.

1971ന് മുമ്പ് ഒരാളോ അവരുടെ പൂർവികരോ അസമില് താമസിച്ചിരുന്നുവെന്ന് തെളിയിക്കേണ്ട രേഖകള് ഹാജരാക്കേണ്ടിയിരുന്നു. എന്നാൽ പൗരത്വ പട്ടിക പുതുക്കുന്ന കമീഷന് പതിനഞ്ചില് പത്തു രേഖകള് മാത്രം സ്വീകരിച്ചാല് മതിയെന്ന് സുപ്രീം കോടതി വിധി വന്നു. ഇത് ലക്ഷക്കണക്കിനാളുകളെ ബാധിച്ചു. കല്യാണം കഴിഞ്ഞ സ്ത്രീകള് ഹാജരാക്കുന്ന സര്ട്ടിഫിക്കറ്റുകളും ഒഴിവാക്കിയവയില് ഉള്പ്പെട്ടു. ഇതുകാരണം പട്ടികയ്ക്ക് പുറത്തായവരില് 55 ശതമാനവും സ്ത്രീകളാണ്. അന്തിമ കരട് പുറത്തിറങ്ങിയപ്പോള് 40 ലക്ഷത്തിലധികം പേർ പുറത്തായി.
മസ്ബത് കടന്ന് വാഹനമോടുന്നു. ഇനി ഏതാണ്ട് ഒരു മണിക്കൂറെടുക്കും തേസ്പൂരിലെത്താൻ. മനസ്സിൽ, അനശ്വര അസമീസ് ഗായകൻ ഭൂപേൻ ഹസാരിക പാടുന്നൂ,
‘ഓ ബിദേശീ ബൊന്ദൂ ഭാഗ്ഹതോ…
അജി കേനോ ബൊന്ദു മൊർമഹാതോ…’
വൈകുന്നേരത്തോടെ തേസ്പൂരിലെത്തിയാൽ ഭുപേൻ ഹസാരികയുടെ സ്വപ്നങ്ങളുറങ്ങുന്ന കലാഭൂമി ഒന്നു സന്ദർശിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

ഭൂപേൻ ഹസാരിക

ഭൂപേൻ ഹസാരിക

താമസിക്കാൻ തെരഞ്ഞെടുത്ത ഹോട്ടൽ കലാഭൂമിക്കും തേസ്പൂർ ബസ്സ്റ്റാൻഡിനും ഇടയ്ക്കുള്ള സ്ഥലത്താണ്. മണിക്കൂറുകളോളം വാഹനത്തിലിരുന്ന് യാത്രചെയ്തതിന്റെ ക്ഷീണം മാറ്റി ഞങ്ങൾ തേസ്പൂർ തെരുവുകളിലൂടെ അലഞ്ഞു. ലോകത്തിന് ബ്രഹ്മപുത്രക്കരയുടെ സംസ്കാരവും സംഗീതവും പകർന്നുനൽകിയ സുധൻകാന്തി (ഭൂപേൻ ഹസാരികയുടെ വിളിപ്പേര്)ന്റെ ഓർമകൾ ഇപ്പോഴും ഈഭൂമിയിൽ നിറഞ്ഞുനിൽക്കുന്നു. ചെവിയിലൂടെ നെഞ്ചുതുളച്ച് ഹൃദയത്തിലേക്കൊഴുകുന്ന അസമീസ് നാടോടി സംഗീതത്തിന്റെ കാരണവരായിരുന്നു ഹസാരിക.

സുധൻകാന്ത് പാടുമ്പോൾ ലോകമാകെ എണീറ്റുനിന്നു. മാനവസ്നേഹത്തിന്റെ ബ്രഹ്മപുത്രയായി ആ ഗാനനദി ഒഴുകി. ദേശീയ ഗാനങ്ങളോളം പുകൾപെറ്റ പാട്ടുകളുമായി അവ നിറഞ്ഞുനിന്നു. അതുകൊണ്ടാണ് ഗുവാഹത്തിയിൽ ബ്രഹ്മപുത്രക്കരയിൽ ഭൂപേൻ എരിഞ്ഞടങ്ങുമ്പോൾ അഞ്ചുലക്ഷത്തിലേറെപ്പേർ നിറകണ്ണും പ്രാർഥനയുമായി ഒത്തുചേർന്നത്. ഹസാരികയുടെ കലാഭൂമി വെറും കലാ സാംസ്കാരിക പ്രവർത്തനങ്ങളുടെ മാത്രം ഇടമല്ല. അസമിന്റെ സാമൂഹ്യജീവിതത്തിൽ നിർണായക സ്വാധീനമുള്ള പൊതുഇടം കൂടിയാണ്. ദൂരേക്ക് ൈകചൂണ്ടി നിൽക്കുന്ന ഭൂപേൻ പ്രതിമയ്ക്കുമുന്നിലെ ഒത്തുചേരലുകൾ പലതും നാടിന്റെ പൊതുപോരാട്ടത്തിനുകൂടിയാണ്. വംശീയതയുടെ വേരോട്ടം ശക്തമാണ് അസമിൽ. ആദിമ ആദിവാസി ഗോത്രവിഭാഗങ്ങളുടെ ഭൂമികയാണിത്. പൗരത്വബിൽ ഉൾപ്പെടെയുള്ളവ ഇവരുടെ നിലനിൽപ്പുതന്നെ ഉലയ്ക്കുകയാണ്. ഇക്കഴിഞ്ഞ ജനുവരി 20ന് വടക്കുകിഴക്കൻ സർവകലാശാലകളിലെ വിവിധ വിദ്യാർഥി ഗ്രൂപ്പുകൾ ഭുപേൻ ഹസാരിക കലാഭൂമിയിൽ ഒത്തുചേർന്നു. പൗരത്വ ഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയർത്തുന്നവർക്ക് ഐക്യദാർഢ്യം ഉറപ്പിക്കലായിരുന്നു, ഒത്തുചേരലിന്റെ സന്ദേശം.
സന്ധ്യയോടെ കലാഭൂമിക്ക് മുന്നിലെത്തുമ്പോൾ അവിടെ കാര്യമായി ആരും ഉണ്ടായിരുന്നില്ല. ഭൂപേൻ പ്രതിമയ്ക്കുമുന്നിലെ ചാരുബെഞ്ചിൽ ഇത്തിരിനേരമിരുന്നു.

‘മാനുഷ് മാനുഷേരി ജുന്നെ
ജിബോൺ ജിബൊനേരി ജുന്നെ
എക്ടു സഹാനുഭൂതി കി
മാനുഷ് പിതി പരേഹ…’

സുധൻകാന്തിന്റെ പാട്ട് കാറ്റുപോലും ഏറ്റുപാടുന്നു. മാനവസ്നേഹത്തിന്റെ മാന്ത്രിക ശബ്ദം.
പിറ്റേന്ന് രാവിലെതന്നെ തേസ്പൂർ വിടാനാണ് ഞങ്ങളുടെ പരിപാടി. കാസിരംഗ ദേശീയോദ്യാനത്തിനുള്ളിലൂടെ ഗുവാഹത്തിക്കാണ് യാത്ര. ഇതിനിടെ ബ്രഹ്മപുത്രയുടെ സ്വന്തം എക്കൽ ദ്വീപായ മജൂലിയും യാത്രാപരിപാടിയിലുണ്ട് . (തുടരും)

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by