മാമ്പഴക്കാലം വരവായി ; കായീച്ചകളെ കരുതിയിരിക്കാം

മാമ്പഴക്കാലം വരവായി  ; കായീച്ചകളെ  കരുതിയിരിക്കാം

മാവാകെ പൂത്തുലഞ്ഞ് നിൽക്കുന്ന കാഴ്ച കണ്ട് മനം കുളിർത്തിരിക്കെ, പൂക്കളിൽ ഭൂരിഭാഗവും കൊഴിഞ്ഞൊടുങ്ങുന്നു…. ശേഷിക്കുന്നവ കായ പിടിച്ചാലും പുഴുക്കുത്തേറ്റ് നശിക്കുന്നു. ഇത് ഏവരിലും നിരാശയുളവാക്കുന്ന ഒരു സാധാരണ സംഭവമാണ്.

കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന കാത്സ്യം കാർബൈഡ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം കൂടാതെ കീടബാധയും മാമ്പഴ വിപണിയെയും കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കാറുണ്ട്. മാങ്ങയണ്ടി തുരന്നു തിന്നുന്ന വണ്ടുകൾക്ക് പുറമെ മാമ്പഴ ഈച്ചയാണ് ഇതിന് കാരണമായ മറ്റൊരു വില്ലൻ.

"ടെഫ്രീറ്റഡെ' കുടുംബത്തിൽപ്പെടുന്ന ബാക്ട്രാസീറ ദോർസാലിസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഫ്രൂട്ട് ഫ്ലൈയാണ് മാമ്പഴയീച്ച. ഇവ കായകളുടെ തൊലിപ്പുറത്ത് മുട്ടയിടുന്നു. രണ്ടും മൂന്നും ദിവസത്തിനുള്ളിൽ മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ മാംസള ഭാഗം തുരന്നു തിന്ന് നശിപ്പിക്കുന്നു. രണ്ടുമൂന്ന് ആഴ്ച കൊണ്ട് പൂർണ വളർച്ചയെത്തുന്ന പുഴുക്കൾ മൂപ്പെത്താതെ പഴുത്ത് കൊഴിയുന്ന കായകൾക്കൊപ്പം കൊഴിഞ്ഞു വീഴുകയും മണ്ണിനടിയിൽ സമാധിയിരിക്കുകയും ചെയ്യുന്നു. അനുകൂല കാലാവസ്ഥയിൽ ഒരാഴ്ചക്കാലം കൊണ്ട് വിരിഞ്ഞിറങ്ങുന്ന ഈച്ചകൾ വീണ്ടും കായ്കളിൽ മുട്ടയിട്ട് ജീവിതചക്രം തുടരുന്നു. മാമ്പഴം കൂടാതെ പേരയ്ക്ക, സപ്പോട്ട, പപ്പായ എന്നിവയിലും ഇവ ആക്രമണകാരികളാണ്.

സംയോജിത കീടനിയന്ത്രണം അനിവാര്യം
സെപ്തംബർ — ഒക്ടോബർ കാലയളവിൽ, മാവ് തളരിട്ട് തുടങ്ങുമ്പോൾത്തന്നെ മണ്ണിനടിയിലെ സമാധികൾ കൂട്ടമായി വരിഞ്ഞിറങ്ങാൻ തയ്യാറാകും. തുടർന്ന് തുലാവർഷത്തിന്റെ ആരംഭത്തോടെ മാവിന്റെ പരിസരത്ത് സ്ഥാനം പിടിക്കുന്നു. കായ് പിടിത്തത്തിന്റെ ആരംഭത്തോടെ ഇവ കൂടുതലായി പെറ്റുപെരുകും. കായ്കൾ മൂപ്പെത്തുന്ന അവസരങ്ങളിൽ ആക്രമണം രൂക്ഷമാകുകയും ചെയ്യുന്നു. ഇത്തരത്തിൽ പല ജീവിതഘട്ടങ്ങളിലും (life stages) ‘ഒളിച്ചിരുന്ന് ’പ്രവർത്തിക്കുന്നതിനാൽ (മുട്ട, പുഴു, സമാധി) ഇവയെ നിയന്ത്രിക്കുന്നതിന് സംയോജിത കീടനിയന്ത്രണം കൂടിയേ തീരു.
മാവുകൾ തളിരിടുന്ന സമയം ചുവട് കിളച്ച് വെയിൽ ഏൽപ്പിക്കുന്നത് മണ്ണിനടിയിലുള്ള സമാധികളെ ഒരു പരിധിവരെ നശിപ്പിക്കാൻ സഹായിക്കും . ഇതോടൊപ്പം തന്നെ ലിലാസിനസ് എന്നീ മിത്രകൃമികളുടെ ലായനി ചുവട്ടിലൊഴിച്ചു കൊടുക്കുന്നത് വംശവർധന തടയാൻ സഹായിക്കും.

കെണിയൊരുക്കാം
കായപിടിത്തത്തിന്റെ ആരംഭം മുതൽ കെണിയൊരുക്കി കായീച്ചയെ കുടുക്കാം. വീട്ടിൽതന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന തുളസിക്കെണിയോ കേരള കാർഷിക സർവകലാശാല നിർമിച്ച് നൽകുന്ന എം ഇ ട്രാപ്പ് എന്ന ഫിറമോൺ കെണിയോ ഉപയോഗിച്ച് ആണീച്ചകളെ കുടുക്കാം . ഒരു പിടി തുളസിയിലെ ചതച്ച് വെള്ളം തളിച്ച് ചിരട്ടയിലാക്കി തരി രൂപത്തിലുള്ള ഒരു ഗ്രാം ക്ലോറാൻട്രാനിലിപ്രോൾ 0.4 ഗ്രാം എന്ന താരതമ്യേന സുരക്ഷിതമായ കീടനാശിനിയും ചേർത്ത് ഉറിപോലെ മാവിൽ കെട്ടിത്തൂക്കുക. ഒരു മാവിന് നാല് കെണിയെങ്കിലും ഉപയോഗിക്കേണ്ടി വരും. അഞ്ചാറ് ദിവസം കൂടുമ്പോൾ പുതിയ ഇലയും കീടനാശിനിയും ചേർക്കുക. ദിവസവും പത്ത് മുതൽ ഇരുപത് വരെ ആണീച്ചകളെ ഇതിലേക്ക് ആകർഷിക്കപ്പെട്ട് നശിപ്പിക്കാം. എന്നാൽ ഇതിന്റെ പത്തിരട്ടി ആണീച്ചകൾ എം ഇ ട്രാപ് കെണിയിൽ കുടുങ്ങും. രണ്ടാഴ്ചവരെ ഇത് കേട്കൂടാതെ ഉപയോഗിക്കാം. പെണ്ണീച്ചകളെയും ആണീച്ചകളെയും കുടുക്കാൻ ശർക്കരക്കെണിയും ഉപയോഗിക്കാവുന്നതാണ്. പാഴായിക്കളയുന്ന കുടിവെള്ളക്കുപ്പികളിൽ മധ്യഭാഗത്താായി ഒന്നര സെന്റീമീറ്റർ ചുറ്റളവുള്ള നാല് ദ്വാരങ്ങളിട്ട് ഉറിപോലെ കെട്ടിത്തൂക്കുക. ഇതിനുള്ളിൽ 20 ഗ്രാം ശർക്കരയും 100 എംഎൽ വെള്ളവും അൽപ്പം ഈസ്റ്റും ചേർന്ന ലായനി ഒഴിച്ച് തരി രൂപത്തിലുള്ള കീടനാശിനിയും ചേർത്ത് കെണിയൊരുക്കാം. ആഴചയിലൊരിക്കൽ പുതിയ ലായനിയും കീടിനാശിനിയും ചേർത്ത് കൊടുക്കുക. കെണിപ്രയോഗം കൂടാതെ കായ്കൾ പൊതിഞ്ഞു സൂക്ഷിക്കുക, കൊഴിഞ്ഞുവീഴുന്ന കായ്കൾ യഥാസമയം നശിപ്പിക്കുക എന്നീ ലളിതമാർഗങ്ങൾ കായീച്ചയ്ക്കെതിരെ ഏറെ ഫലപ്രദമാണ്. തേനീച്ചകളെയും മറ്റു പരാഗണത്തിൽ ഏർപ്പെടുന്ന ഷഡ്പദങ്ങളെയും സംരക്ഷിക്കാൻ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയുള്ള മരുന്നുതളി ഒഴിവാക്കണം.
ദേവി ബാലകൃഷ്ണൻ (ഗവേഷക വിദ്യാർഥിനി)
ഡോ രജിറാണി(അസി.പ്രഫസർ)
കോളജ് ഓഫ് അഗ്രിക്കൾച്ചർ വെളളായണി

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by