നേർവഴിയിലേക്ക്‌ വീണ്ടും; 
ജസ്റ്റിന്റെ പഠനം തുടരും

നേർവഴിയിലേക്ക്‌ വീണ്ടും; 
ജസ്റ്റിന്റെ പഠനം തുടരും

കണ്ണൂർ
"‘പഠിക്കാനുള്ള പണത്തിനുവേണ്ടിമാത്രമാണ് ഞാൻ മോഷ്ടിച്ചത്’’–- കണ്ണൂർ സ്പെഷ്യൽ സബ്ജയിലിലെ ലൈബ്രറി ഹാളിൽ കൗൺസലിങ്ങിനിടെയാണ് ഇരുപത്തൊന്നുകാരനായ ജസ്റ്റിൻ ഇതു പറഞ്ഞത്. പഠിക്കാനുള്ള പണത്തിന് വഴിതെളിഞ്ഞാൽ മോഷണം നിർത്തുമോയെന്ന് ജയിലുദ്യോഗസ്ഥരുടെ ചോദ്യം. ‘ഉറപ്പായും നിർത്തും' എന്ന മറുപടിയിൽ ജസ്റ്റിന്റെ ജീവിതം മാറുകയായിരുന്നു. വ്യാഴാഴ്ച ജാമ്യത്തിലിറങ്ങുമ്പോൾ, സ്വപ്നംകണ്ട ജീവിതം അവനെക്കാത്ത് ജയിലിനുപുറത്തുണ്ടാകും.

കാസർകോട് തയ്യേനി സ്വദേശിയായ ജസ്റ്റിൻ ഒന്നാം ക്ലാസുമുതൽ ഒന്നാമനായാണ് പഠിച്ചത്. കഷ്ടപ്പാടുകളോട് പൊരുതി എസ്എസ്എൽസിക്ക് 98 ശതമാനവും പ്ലസ്ടുവിന് 96 ശതമാനവും മാർക്ക് നേടി. ഡിഗ്രിയില്ലാതെ ചാർട്ടേഡ് അക്കൗണ്ടന്റ് കോഴ്സ് പ്രവേശനത്തിനുള്ള കോമൺ പ്രൊവിഷൻ ടെസ്റ്റിൽ കാസർകോട് ജില്ലയിൽ ഒന്നാം റാങ്കുകാരനായി. 2018–-ൽ സിഎ പരിശീലനത്തിന് കോഴിക്കോട്ടെത്തിയപ്പോൾ ഒരു പെൺകുട്ടിയുമായി അടുപ്പത്തിലായി. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പോക്സോ കേസിൽ ജയിലിലുമായി.

അവിടെവച്ചാണ് ജീവിതം വഴിമാറിയത്. ഒപ്പം ജയിലിലുണ്ടായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് അവന്റെ മനസ്സുമാറ്റി. പഠിക്കാൻ പണമുണ്ടാക്കാനുള്ള എളുപ്പവഴി മോഷണമാണെന്ന് വിശ്വസിപ്പിച്ചു. ജാമ്യത്തിലിറങ്ങിയപ്പോൾ ജസ്റ്റിനെ തേടിപ്പിടിച്ച് കൂടെക്കൂട്ടി. രണ്ട് മോഷണത്തിൽ പങ്കാളിയുമാക്കി. ഈ കേസിൽ പിടിക്കപ്പെട്ട് ജസ്റ്റിൻ വീണ്ടും കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലെത്തി. ജയിൽ സൂപ്രണ്ട് ടി കെ ജനാർദനനും വെൽഫെയർ ഓഫീസർ ടി പി സൂര്യയും നടത്തിയ നിരന്തര കൗൺസലിങ്ങിലാണ് ജസ്റ്റിന്റെ മനസ് കണ്ടെത്തിയത്. അവന്റെ അച്ഛനെ വിളിച്ചുവരുത്തി കാര്യം പറഞ്ഞു. പലവ്യഞ്ജനക്കടയിലെ തൊഴിലാളിയായ അദ്ദേഹത്തിന് മകനെ സാമ്പത്തികമായി സഹായിക്കാൻ കഴിയുമായിരുന്നില്ല. ജോലിനേടുംവരെ സൗജന്യമായി പഠിപ്പിക്കാമെന്ന വാഗ്ദാനവുമായി കോഴിക്കോട്ടെ ഒരു ചാരിറ്റബിൾ ട്രസ്റ്റ് മുന്നോട്ടുവന്നതോടെ ജസ്റ്റിന്റെ ജീവിതം പിന്നെയും മാറുമെന്നായി.

രണ്ട് കേസുകളിലും ജാമ്യം നേടി ജസ്റ്റിൻ പുറത്തിറങ്ങുമ്പോൾ പുതിയ ജീവിതമാണ് കാത്തിരിക്കുന്നത്. ജയിൽ നൽകിയ പാഠങ്ങൾ മനസ്സിൽവച്ച് ഇനിയുള്ള പരീക്ഷകൾ ജയിക്കാനാകുമെന്ന വിശ്വാസത്തോടെ ജസ്റ്റിൻ പുറംലോകത്തേക്ക്.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by