മദ്യലഹരിയിൽ വിവിപാറ്റ് സ്ലിപ്പുകൾ റോഡിൽ എറിഞ്ഞു; റൂട്ട്‌ ഓഫീസർക്ക്‌ സസ്‌പെൻഷൻ

മദ്യലഹരിയിൽ വിവിപാറ്റ് സ്ലിപ്പുകൾ റോഡിൽ എറിഞ്ഞു; റൂട്ട്‌ ഓഫീസർക്ക്‌ സസ്‌പെൻഷൻ

ഓയൂർ (കൊല്ലം)
വോട്ടിങ് യന്ത്രത്തിൽ മോക് ട്രയൽ നടത്തിയ വിവിപാറ്റ് സ്ലിപ്പുകൾ മദ്യലഹരിയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ റോഡിലേക്ക് വലിച്ചെറിഞ്ഞു. രാത്രി മുഴുവൻ റോഡിൽ സ്ലിപ്പ് തെരഞ്ഞ് ജീവനക്കാർ വലഞ്ഞു. സ്ലിപ്പ് വലിച്ചെറിഞ്ഞ റൂട്ട് ഓഫീസറായ വെളിയം വില്ലേജ് ഓഫീസിലെ ജീവനക്കാരൻ എം സുരേഷ് കുമാറിനെ അന്വേഷണ വിധേയമായി കലക്ടർ സസ്പെൻഡ് ചെയ്തു. ചൊവ്വാഴ്ച രാത്രി വെളിയം കായിലയിലാണ് സംഭവം.

ചടയമംഗലം നിയോജക മണ്ഡലത്തിലെ അമ്പലംകുന്ന് നെട്ടയം എൽപി സ്കൂളിലെ പത്ത് എ ബൂത്തിലെ വോട്ടിങ് മെഷീനിൽ മോക്ക് ട്രയൽ നടത്തിയ വോട്ടിന്റെ 70 വിവിപാറ്റ് സ്ലിപ്പുകളാണ് റോഡിലെറിഞ്ഞത്.ചൊവ്വാഴ്ച രാത്രി ഏഴിന് പോളിങ് അവസാനിച്ചശേഷം മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി സീൽചെയ്ത വോട്ടിങ് യന്ത്രങ്ങളുമായി പ്രധാന പോളിങ് ഓഫീസർ ബിന്ദുവിന്റെ നേതൃത്വത്തിൽ നെട്ടയം സ്കൂളിൽനിന്ന് ബസിൽ കൊട്ടാരക്കരയ്ക്ക് പോകുന്ന വഴി കായില ഭാഗത്തെത്തിയപ്പോൾ സുരേഷ് കുമാർ പോളിങ് ഓഫീസറുടെ കൈവശമിരുന്ന വിവിപാറ്റ് സ്ലിപ് അടങ്ങിയ പെട്ടി വാങ്ങി ‘ഇനി ഇതിന്റെ ആവശ്യമില്ലെ’ന്നു പറഞ്ഞ് റോഡരികിലേക്ക് എറിയുകയായിരുന്നു. തുടർന്ന് ബസ് നിർത്താൻ പോളിങ് ഓഫീസർ ആവശ്യപ്പെട്ടെങ്കിലും സുരേഷ് കുമാർ ബസ് നിർത്താൻ അനുവദിച്ചില്ല. തുടർന്ന് പോളിങ് ഓഫീസർ ബഹളമുണ്ടാക്കിയതോടെ വെളിയത്ത് എത്തിയപ്പോൾ ബസ് തിരിച്ച് വിട്ടു. കായില മുതൽ അമ്പലംകുന്ന് വരെ മൂന്നു കിലോമീറ്ററോളം റോഡിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിയെങ്കിലും വിവിപാറ്റ് സ്ലിപ് അടങ്ങിയ പെട്ടി കണ്ടെത്താനായില്ല.

വിവരമറിഞ്ഞ് എത്തിയ ജില്ലാ റിട്ടേണിങ് ഓഫീസർ ഷാജി ബോൺസ്ലെ, പൂയപ്പള്ളി സിഐ സന്തോഷ്, എസ്ഐ ഗോപീചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ രാത്രി ഒന്നുവരെ തെരഞ്ഞു. റിട്ടേണിങ് ഓഫീസറുടെ നിർദേശപ്രകാരം പോളിങ് ഓഫീസർ ബിന്ദു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുരേഷ് കുമാറിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഡ്യൂട്ടി സമയത്ത് മദ്യപിച്ച് നിരുത്തരവാദപരമായി പെരുമാറിയതിന് സുരേഷ് കുമാറിനെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടു.

ബുധനാഴ്ച രാവിലെ ആരംഭിച്ച അന്വേഷണത്തിൽ പത്തോടെ കായിലയിലെ ഒരു വീടിന്റെ ടെറസിൽനിന്ന് മോക്ക് റോൾ കണ്ടെടുത്തു. ബസിൽനിന്ന് വലിച്ചെറിഞ്ഞപ്പോൾ മോക്ക് റോൾ വീടിന്റെ ടെറസിൽ വീണതാകാമെന്ന് പൊലീസ് പറഞ്ഞു. കോൺഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷന്റെ സജീവ പ്രവർത്തകനായ സുരേഷ് കുമാർ കോവിഡ് ഡ്യൂട്ടി നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയതിന് കഴിഞ്ഞ മാസംവരെ സസ്പെൻഷനിലായിരുന്നു.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by