ബിജെപി നേതാക്കളെ ബഹിഷ്‌കരിക്കും; കര്‍ഷകസംഘടനകളുടെ മുന്നറിയിപ്പ്

ബിജെപി നേതാക്കളെ ബഹിഷ്‌കരിക്കും; കര്‍ഷകസംഘടനകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി > കർഷകസമരത്തെ പിന്തുണച്ചില്ലെങ്കില് ബിജെപി നേതാക്കളെയും പ്രവർത്തകരെയും സാമൂഹ്യമായി ബഹിഷ്കരിക്കുമെന്ന് സംയുക്ത കിസാൻ മോർച്ചയുടെ മുന്നറിയിപ്പ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരായ ജനരോഷം ശക്തിപ്പെടുകയാണെന്നും യോഗങ്ങളോ പാർടി പരിപാടികളോ സംഘടിപ്പിക്കാൻ പോലുമാകാത്ത സ്ഥിതിയാണെന്നും കിസാൻ മോർച്ച വാർത്താക്കുറിപ്പിൽ പറഞ്ഞു.

രാജസ്ഥാനിലെ ഹനുമാൻഗഢിലെ പരിപാടി കർഷകരോഷത്തെ തുടർന്ന് ബിജെപി എംപി നിഹാൽ ചന്ദ് ഉപേക്ഷിച്ചു. എംപി എത്തുന്നതറിഞ്ഞ് വലിയ തോതിൽ കർഷകർ സംഘടിച്ചിരുന്നു. പഞ്ചാബിലെ ഫഗ്വാരയിൽ ബിജെപി നേതാവ് വിജയ് സാംപ്ലയെ കർഷകർ ഘെരാവോ ചെയ്തു. ഹരിയാനയിലും യുപിയിലും പഞ്ചാബിലും മറ്റുമായി ബിജെപി നേതാക്കൾ തുടർച്ചയായി കർഷകപ്രതിഷേധം നേരിടുന്നു. പലയിടങ്ങളിലും ബിജെപി നേതാക്കൾ സാമൂഹ്യ ബഹിഷ്കരണവും നേരിടുന്നുണ്ട്.

ബിജെപി നേതാക്കളിൽ പലർക്കും സമരത്തോട് അനുഭാവമുണ്ടെങ്കിലും നടപടി ഭയന്ന് നിശബ്ദരായിരിക്കുകയാണെന്ന് കർഷകസംഘടനകൾ ചൂണ്ടിക്കാട്ടി. സമരത്തെ പിന്തുണച്ചാൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുമോയെന്ന ആശങ്കയും വലിയൊരു വിഭാഗം ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ട്. സമരത്തെ കർഷകരുടെ പിടിവാശിയായി കാണരുതെന്നും കിസാൻമോർച്ച പ്രസ്താവനയിൽ പറഞ്ഞു.

‘മിട്ടി സത്യഗ്രഹ യാത്ര’ ഡൽഹിയിൽ
കർഷകസമരത്തിന് പിന്തുണയുമായി മാർച്ച് 30ന് ഗുജറാത്തിലെ ദണ്ഡിയിൽ നിന്നാരംഭിച്ച ‘മിട്ടി സത്യഗ്രഹ യാത്ര’ ഡൽഹി അതിർത്തിയിലെ സമരകേന്ദ്രത്തിലെത്തി. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ പര്യടനം നടത്തിയാണ് യാത്ര ഡൽഹിയിൽ സമാപിച്ചത്. 23 സംസ്ഥാനത്തെ 1500 ഗ്രാമത്തിൽനിന്ന് ശേഖരിച്ച മണ്ണുമായാണ് യാത്ര സമരകേന്ദ്രത്തിലെത്തിയത്. ഭഗത് സിങ്ങിന്റെ ഗ്രാമമായ ഖട്കർകലാൻ, സുഖ്ദേവിന്റെ ഗ്രാമമായ നൗഗാര, ഉദ്ദം സിങ്ങിന്റെ ഗ്രാമമായ സുനാം, ചന്ദ്രശേഖർ ആസാദിന്റെ ജന്മസ്ഥലമായ ജാബുവയിലെ ഭാഭര, സബർമതി ആശ്രമം തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള മണ്ണാണ് ഡൽഹിയിൽ എത്തിച്ചത്.

ബിജെപി നേതാവ് 
രാജിവച്ചു
കർഷക പ്രക്ഷോഭത്തെ അവഗണിക്കുന്ന കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിൽ ബിജെപി നേതാവ് രാജിവച്ചു. പാർടി അംഗത്വവും സംസ്ഥാന വനിതാ കമീഷൻ അംഗത്വവും പ്രിയംവദ തോമർ രാജിവച്ചു. ബിജെപിയുടെ കർഷക വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് സംസ്ഥാന പ്രസിഡന്റ് സ്വതന്ത്രദേവ് സിങ്ങിന് നൽകിയ കത്തിൽ പ്രിയംവദ വ്യക്തമാക്കി.

അധ്യാപകൻ 
ജീവനൊടുക്കി
മാസങ്ങളായി തുടരുന്ന കർഷക പ്രക്ഷോഭത്തിന് കേന്ദ്രസർക്കാർ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ഹരിയാനയിലെ റോത്തക്കിൽ അധ്യാപകൻ മുകേഷ് ജീവനൊടുക്കി. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യപിച്ച് ആത്മഹത്യ ചെയ്യുകയാണെന്നുള്ള വീഡിയോ സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ചശേഷമാണ് മുകേഷ് വിഷം കഴിച്ചത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട് പൊലീസ് സ്ഥലത്തെത്തി മുകേഷിനെ പിജിഐഎംഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

​ഗാസിപുരില് ഉയരും 
രക്തസാക്ഷി സ്മാരകം
ഗാസിപ്പുരിലെ കർഷക സമരകേന്ദ്രത്തിൽ ‘രക്തസാക്ഷി സ്മാരക’ത്തിന് കർഷകസംഘടനയിൽ അടിത്തറയിട്ടു. കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരോടുള്ള ആദരസൂചകമായാണ് സ്മാരകം.
പ്രക്ഷോഭത്തിനിടെ മരിച്ച 320 കർഷകരുടെ ഗ്രാമങ്ങളിൽനിന്ന് എത്തിച്ച മണ്ണുപയോഗിച്ചാണ് സ്മാരകം നിർമിക്കുകയെന്ന് ഭാരതീയ കിസാൻ യൂണിയൻ അറിയിച്ചു. സ്വാതന്ത്ര്യസമരത്തിനിടെ ധീരരക്തസാക്ഷികളായവരുടെ ഗ്രാമങ്ങളിൽനിന്നുള്ള മണ്ണും സമരകേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട്. ബികെയു നേതാവ് രാകേഷ് ടിക്കായത്തും സാമൂഹ്യപ്രവർത്തക മേധ പട്കറും ചേർന്നാണ് രക്തസാക്ഷി സ്മാരകത്തിന് അടിത്തറയിട്ടത്.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by