കിഴങ്ങ് വിളകൾക്ക്‌ ഇനി നടീൽ കാലം

കിഴങ്ങ് വിളകൾക്ക്‌  ഇനി നടീൽ കാലം

അധികം ഉൽപ്പാദനച്ചെലവില്ലാതെ വളർത്തിയെടുക്കാവുന്നതാണ് കിഴങ്ങ് വർഗ വിളകൾ. ഇവ നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും പൊതുവെ യോജിച്ചതുമാണ്. ഏത് പ്രതികൂല സാഹചര്യങ്ങളിലും പൂർണ കൃഷി നാശം സംഭവിക്കില്ല എന്നതും ചെറുകിട കൃഷിക്കാരെ സംബന്ധിച്ച് ആശ്വാസകരവും. ഇവ തനിവിള എന്നതിലുപരി നമ്മുടെ തെങ്ങിൻ തോപ്പുകളിലും മറ്റും ഇടവിളയായും കൃഷി ചെയ്യാം.

മിക്ക കിഴങ്ങ് വർഗവിളകളുടെയും നടീൽ കാലം ഇനിയുള്ള വേനൽ മാസങ്ങളാണ്. മികച്ച വിളവെടുപ്പിനായി പ്രാരംഭത്തിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്

ചേന
ശ്രീപത്മ, ശ്രീആതിര എന്നീ ഇനങ്ങൾ ഉൽപ്പാദന ശേഷി കൂടിയതാണ്.ചേന നടാൻ ഏറ്റവും യോജിച്ച സമയം ഫെബ്രുവരി, മാർച്ച് മാസങ്ങളാണ്.തനിവിളയായി നടുമ്പോൾ ചേനകൾ തമ്മിൽ 90 സെന്റീമീറ്റർ അകലം നൽകാം. 60 സെന്റീമീറ്റർവീതം നീളവും വീതിയും 45 സെന്റീമീറ്റർ ആഴവുമുള്ള കുഴികളെടുക്കണം. മേൽമണ്ണും രണ്ട് കിലോഗ്രാം ചാണകവും ചേർത്ത് കുഴിയിൽ നിറച്ച ശേഷം ഇതിൽ ഏകദേശം ഒരു കിലോഗ്രാം തൂക്കം വരുന്നതും ഒരു മുളയെങ്കിലും ഉള്ളതുമായ വിത്ത് ചേന നടാം. ഇത് നടുന്നതിന് മുമ്പ് ചാണകവെള്ളത്തിൽ മുക്കി തണലത്ത് ഉണക്കിയെടുക്കണം. വിത്ത് ചേന നട്ടശേഷം ചപ്പുചവറുകൾ കൊണ്ട് പുതയിടണം. ഒരു സെന്റ് സ്ഥലത്തേക്ക് നടുന്നതിന് 48 കിലോഗ്രാം ചേന വിത്ത് വേണ്ടി വരും.

വലിയ കാച്ചിൽ
ശ്രീകീർത്തി, ശ്രീരൂപ, ഇന്ദു , ശ്രീശിൽപ്പ, ശ്രീകാർത്തിക എന്നിവ മികച്ച ഇനങ്ങളാണ്. മുളച്ചു തുടങ്ങിയ വിത്തുകൾ നടുന്നത് നല്ലതല്ല. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിത്ത് നടാം. കാച്ചിൽ കിഴങ്ങിന്റെ തലഭാഗത്ത് നിന്നാണ് ആദ്യം മുള പൊട്ടുന്നത്. അതിനാൽ ഈ ഭാഗം നടാൻ എടുക്കുന്ന ഓരോ കഷണത്തിലും വരത്തക്കവിധം കിഴങ്ങ് നെടുകെ മുറിക്കണം. ഓരോ കഷണത്തിനും ഉദ്ദേശം 250 ഗ്രാം തൂക്കമുണ്ടായിരിക്കണം. തനിവിളയായി നടാൻ ഒരു സെന്റ് സ്ഥലത്തേക്ക് 12കിലോഗ്രാം വിത്ത് വേണ്ടി വരും.

45 സെന്റീമീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള കുഴികൾ ഒരു മീറ്റർ അകലത്തിൽ എടുക്കാം. കുഴിയുടെ മുക്കാൽ ഭാഗം മേൽമണ്ണും ഒരു കിലോഗ്രാം ചാണകവും കലർന്ന മിശ്രിതം കൊണ്ട് നിറയ്ക്കുക. നട്ടശേഷം കുഴി മുഴുവനും മൂടി ചപ്പുചവറുകൾ ഉപയോഗിച്ച് പുതയിടുകയും വേണം. മുളവന്ന് രണ്ടാഴ്ചയാകുമ്പോൾ വള്ളികൾ പടർത്തി വിടണം.

ചെറു ചേമ്പ്
ശ്രീരശ്മി, ശ്രീപല്ലവി, ശ്രീകിരൺ എന്നിവയാണ് മികച്ച ഇനങ്ങൾ . മെയ്, ജൂൺ മാസങ്ങളാണ് ഇത് നടാൻ പറ്റിയ സമയം. നടുന്നതിന് ഏകദേശം 25 ഗ്രാം തൂക്കം വരുന്ന ചേമ്പ് വിത്തുകൾ ഉപയോഗിക്കാം. തനിവിളയായി കൃഷി ചെയ്യാൻ ഒരു സെന്റ് സ്ഥലത്തേക്ക് 150 വിത്തുകൾ അതായത് നാലര കിലോഗ്രാം വിത്ത് വേണ്ടി വരും. നിലം കിളച്ചൊരുക്കി 60 സെന്റീമീറ്റർ അകലത്തിൽ വാരങ്ങളുണ്ടാക്കി അതിൽ 45 സെന്റീമീറ്റർ അകലത്തിൽ ചേമ്പ് നടാം. നട്ടതിന് ശേഷം പുതയിടാം. നിലമൊരുക്കുന്ന സമയത്ത് സെന്റിന് 50 കിലോഗ്രാം എന്ന തോതിൽ കാലിവളമോ, കമ്പോസ്റ്റോ ചേർക്കണം.

നനക്കിഴങ്ങ്
ശ്രീലത, ശ്രീകല എന്നിവ മികച്ച ഉൽപ്പാദന ശേഷിയുള്ള ഇനങ്ങളാണ്.മാർച്ച്,- ഏപ്രിൽ മാസങ്ങളാണ് നടീൽ കാലം. ഏതാണ്ട് 100 ഗ്രാം തൂക്കം വരുന്ന കിഴങ്ങുകൾ വിത്തായി ഉപയോഗിക്കാം. ഒരു സെന്റ് സ്ഥലത്തേക്ക് എട്ട് കിലോഗ്രാം വിത്ത് കിഴങ്ങ് വേണ്ടി വരും. മുക്കാൽ മീറ്റർ അകലത്തിലെടുത്ത കൂനകളിൽ ഓരോ കിഴങ്ങ് വീതം നട്ട് മണ്ണിട്ട് മൂടിയ ശേഷം പുതയിടാം. ഒരു ചുവടിന് ഒരു കിലോഗ്രാം എന്ന തോതിൽ കാലിവളം കൂന കൂട്ടുന്ന സമയത്ത് ചേർക്കണം. മുളവന്നതിനു ശേഷം ചെറുകമ്പുകൾ നാട്ടി അഞ്ച് – ആറ് വള്ളികൾ ഒന്നിൽ പടർത്താം.

മധുരക്കിഴങ്ങ്
ശ്രീനന്ദിനി, ശ്രീവർധിനി, ശ്രീരത്ന, ശ്രീഭദ്ര, ശ്രീഅരുൺ, ശ്രീവരുൺ, ശ്രീകനക, കാഞ്ഞങ്ങാട് എന്നിവ ഉൽപ്പാദന ശേഷി കൂടിയ ഇനങ്ങളാണ്. താഴ്ന്ന പ്രദേശങ്ങളിൽ മധുരക്കിഴങ്ങ് ജനുവരി, – ഫെബ്രുവരി മാസത്തിൽ നടാം.

നിലമൊരുക്കിയശേഷം 60 സെന്റീമീറ്റർ അകലത്തിൽ 30 സെന്റീമീറ്റർ ഉയരത്തിലുള്ള വാരങ്ങൾ എടുക്കണം. ഇതിൽ 15 സെന്റീമീറ്റർ അകലത്തിൽ വള്ളിത്തലകൾ നടാം. നടാനുള്ള വള്ളിത്തലകൾ ലഭിക്കാൻ കിഴങ്ങുകൾ പ്രത്യേക തവാരണയുണ്ടാക്കി മുൻകൂട്ടി നടണം. ഇതിന് ഒരു സെന്റ് സ്ഥലത്തേക്ക് 400 ഗ്രാം വിത്ത് കിഴങ്ങ് ആവശ്യമാണ്.

കിഴങ്ങുകൾക്ക് പുറമെ വിളവെടുത്ത ഉടനെയുള്ള വള്ളികൾ ഉപയോഗിച്ചും തവാരണയുണ്ടാക്കി തൈകൾ ഉൽപ്പാദിപ്പിക്കാം. വള്ളികൾ നട്ട് ഒന്നര മാസമാകുമ്പോൾ തലപ്പുകൾ എടുത്ത് കൃഷിയിടത്തിലേക്ക് മാറ്റി നടാം. കൂനകൾ കൂട്ടി വള്ളിത്തലപ്പുകൾ നടാം. ഇതിനായി മുക്കാൽ മീറ്റർ അകലത്തിൽ കൂനകൾ എടുത്ത് ഓരോ കൂനയിലും നാല് – അഞ്ച് വള്ളിത്തലപ്പുകൾ മുറി ഭാഗം മണ്ണിന് പുറത്തേക്ക് നിൽക്കുന്ന വിധത്തിൽ ഇംഗ്ലീഷിലെ യു (U) ആകൃതിയിൽ നടുന്നതാണ് നല്ലത്.നിലമൊരുക്കുമ്പോൾ തന്നെ ഒരു സെന്റ് സ്ഥലത്തേക്ക് 40 കിലോഗ്രാം എന്ന കണക്കിന് കാലിവളമോ കമ്പോസ്റ്റോ ചേർക്കണം.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by