മഴമറയിലെ പച്ചക്കറി കൃഷി

മഴമറയിലെ പച്ചക്കറി കൃഷി

പ്രതികൂല കാലാവസ്ഥയിൽനിന്നും വിളകളെ സംരക്ഷിക്കുന്ന കൃഷി രീതിയാണ് മഴമറ കൃഷി. പച്ചക്കറികൾ ഇതിൽ മൂന്ന് ഘട്ടത്തിലായി കൃഷി ചെയ്യാം.

ആദ്യഘട്ടം ജൂലൈ മുതൽ സെപ്തംബർ-‐ഒക്ടോബർവരെയാണ്. കുറ്റിവിളകളായി വെണ്ട, ചീര, മുളക്, കൊത്തമര, പയർ എന്നിവയും പടരുന്ന വിളകളായ പാവൽ, പടവലം എന്നിവയും ഈ സമയത്ത് കൃഷി ചെയ്യാം.

രണ്ടാംഘട്ടം ഒക്ടോബർ മുതൽ ഡിസംബർ-, ജനുവരിവരെയുള്ള കാലമാണ്. ഇക്കാലത്ത് കുറ്റിവിളകളായ കാബേജ്, കോളിഫ്ളവർ, വെണ്ട, വഴുതന, മുളക്, കാപ്സിക്കം, ചീര, വെള്ളരി എന്നിവയും പടരുന്ന വിളകളിൽപ്പെട്ട പാവൽ, പടവലം, കോട്ടപ്പയർ എന്നിവയും കൃഷി ചെയ്യാം.
മൂന്നാംഘട്ടം ജനുവരി മുതൽ മെയ്വരെയുള്ള കാലമാണ്. ഈ അവസരത്തിൽ കുറ്റിവിളകളായ ചീര, വഴുതന, മുളക്, കാപ്സിക്കം എന്നിവയും പടരുന്ന വിളകളായ കക്കിരി അഥവാ സാലഡ് വെള്ളരി, വള്ളിപ്പയർ എന്നിവയും കൃഷി ചെയ്യാം. തക്കാളിയിൽ മനുപ്രഭ, മനുലക്ഷ്മി, അനഘ, അക്ഷയ, ശക്തി, മുക്തി എന്നിവയും

വഴുതനയിൽ നീലിമയും വെണ്ടയിൽ അർക്ക, അനാമിക, വർഷ, ഉപഹാർ എന്നിവയും മുളകിൽ അനുഗ്രഹയും ചീരയിൽ അരുൺ, രേണുശ്രീ എന്നിവയും പാവലിൽ പ്രീതി, പ്രിയ എന്നിവയും പടവലത്തിൽ ബേബിയും വെള്ളരിയിൽ സൗഭാഗ്യയും പയറിൽ വെള്ളായിനി ജ്യോതികയും മഴമറ കൃഷിയിൽ മികച്ച വിളവ് നൽകുന്നതായി കണ്ടിട്ടുണ്ട്.

തക്കാളിയിലെ ശക്തി, മുക്തി, അനഘ എന്നിവയ്ക്ക് വാട്ടരോഗത്തെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്. കലിഫോർണിയ വണ്ടർ, പൂസ, ദീപ്തി എന്നീ കാപ്സിക്കം ഇനങ്ങൾക്ക് വർധിച്ച രോഗപ്രതിരോധ ശേഷിയും മികച്ച ഉൽപ്പാദന ശേഷിയുമുണ്ട്.

മഴമറയിൽ ചീര കൃഷി ചെയ്യുമ്പോൾ താരതമ്യേന രോഗകീട ബാധകൾ കുറവാണെങ്കിലും ആകർഷകമായ നിറമില്ലായ്മ വിപണിയിൽ പ്രിയം കുറവാകുന്നതായി അനുഭവമുണ്ട്. അമിതമായ അമ്ലത ചെടികളുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു കാണാറുണ്ട്. പൊതുവെ എല്ലാ പച്ചക്കറിയിനങ്ങൾക്കും പി.എച്ച്നില ആറ് മുതൽ ആറര വരെയായിരിക്കുന്നതാണ് നല്ലത്. പിഎച്ച് നില ആറിൽ കുറവ് വന്നാൽ മണ്ണിലെ പോഷകാഹാരങ്ങളെ ചെടികൾക്ക് ആഗിരണം ചെയ്യാൻ കഴിയാത്ത അവസ്ഥ വരും. ചെടികൾ രോഗബാധകൾക്കും അടിമപ്പെടും. പിഎച്ച് നിലയനുസരിച്ച് ചേർക്കേണ്ട കുമ്മായത്തിന്റെ അളവിൽ വ്യത്യാസം വരാം.

പൊതുവെ ഒരു സെന്റ് സ്ഥലത്തേക്ക് ഒന്നു മുതൽ രണ്ട് കിലോഗ്രാം വരെ കുമ്മായം ചേർക്കാം. മണ്ണിലെ പിഎച്ച് മൂല്യം അളക്കുന്നതിന് ലിറ്റ്മസ് പേപ്പറോ പിഎച്ച് മീറ്ററോ യൂണിവേഴ്സൽ ഇൻഡിക്കേറ്ററോ ഉപയോഗിക്കാം.

വെള്ളത്തിൽ അലിയുന്ന ന്യൂ ജനറേഷൻ വളങ്ങൾ (Soluble fertiliser ) മിക്കതും അമ്ലത വർധിപ്പിക്കുമെന്നതിനാൽ ഇത്തരം വളങ്ങൾ ചേർക്കുമ്പോൾ പിഎച്ച് മൂല്യം കുറഞ്ഞ് അമ്ലത കൂടാൻ ഇടയുണ്ട്.

പ്രസിഷൻ കൃഷി അഥവാ സൂക്ഷ്മ കൃഷി തന്ത്രങ്ങളായ തുള്ളി നനയും ജലസേചനത്തോടൊപ്പമുള്ള ഫെർട്ടിഗേഷൻ രീതിയും മഴമറ കൃഷിയിൽ ഫലപ്രദമായി ഉപയോഗപ്പെടുത്താം.

മഴമറയിൽ അധികരിച്ച ലവണാംശവും ചിലയിടങ്ങളിൽ പ്രശ്നമാകാറുണ്ട്. ഇതിന്റെ അളവ് സൂചികയാണ് ഇ സി.(Electrical Conductivity). ഇത് സാധാരണയായി ഡെസി സീമൻ / മീറ്ററിലോമില്ലി സീമൻ / സെന്റീമീറ്ററിലോ ആണ് രേഖപ്പെടുത്തുന്നത്.നാല് ഡെസി സീമൻ / മീറ്ററിൽ അധികം ഇ സിയുള്ള മണ്ണിൽ സസ്യങ്ങൾക്ക് വളരാൻ പ്രയാസമാണ്. മഴമറയിലെ മണ്ണിൽ ഇ സി ഒരു മില്ലി സീമൻ / സെന്റീമീറ്ററിൽ കുറവായിരിക്കാൻ ശ്രദ്ധിക്കണം. ഇ സി മീറ്റർ ഉപയോഗിച്ച് മണ്ണിന്റ ഇ സി കണ്ടുപിടിക്കാം. മണ്ണിലെ പിഎച്ചും ഇ സിയും അറിയാൻ ഇ സി ആൻഡ് പിഎച്ച് കൺട്രോളറുകൾ വിപണിയിൽ ലഭ്യമാണ്.

മഴമറയിൽ ചുറ്റുപാടും പൂർണമായും മറയ്ക്കുന്നില്ല. അതിനാൽ പുറത്തുനിന്നും കീട-രോഗ ബാധകൾ ഉണ്ടായേക്കാം. അതുകൊണ്ട് കൃഷിയുടെ പ്രാരംഭത്തിൽ തന്നെ ജൈവരീതിയിലുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ശ്രദ്ധിക്കണം.
വയനാട് എംഎസ് സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിൽ സീനിയർ അഗ്രികൾച്ചർ കൺസൾട്ടന്റാണ് ലേഖകൻ
mkpmavilayi04@gmail.com

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by